Skip to main content

ഭരണിക്കാവ് ബ്ലോക്കില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു. നൂറനാട് കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫല വൃക്ഷ തൈകള്‍, വാഴ വിത്ത്, കുടുംബശ്രീ സ്റ്റാളുകളില്‍ ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, ഗ്രോ ബാഗുകള്‍ തുടങ്ങിയവയും നിലം ഒരുക്കുന്നതിനാവശ്യമായ വസ്തുക്കളും ഞാറ്റുവേല ചന്തയില്‍ ഒരുക്കി.
കൃഷി വകുപ്പിന് കീഴിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പദ്ധതികളും, കര്‍ഷകരുടെ പ്രതിസന്ധികള്‍ നേരിട്ടറിയാനും, പുതിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും കര്‍ഷകസഭ ഉപകരിച്ചു. വാഴ വിത്ത്, പ്ലാവ്, കറിവേപ്പ്, ഞാവല്‍, പപ്പായ, തെങ് തുടങ്ങിയ തൈകളും, കുരുമുളക് വള്ളിയും സൗജന്യമായി വിതരണം ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, നൂറനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അശോകന്‍ നായര്‍, കൃഷി ഭവന്‍ ഓഫീസര്‍ സിജി സൂസന്‍, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജൂലി ലൂക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date