Skip to main content

ഹരിപ്പാട് ബ്ലോക്ക് തല ഞാറ്റുവേല ചന്തക്ക് പള്ളിപ്പാട് തുടക്കം

ആലപ്പുഴ: ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഹരിപ്പാട് ബ്ലോക്ക് തല ഉദ്ഘാടനം പള്ളിപ്പാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ്. രാജേന്ദ്രക്കുറുപ്പ് കര്‍ഷകന് തെങ്ങുംതൈ നല്‍കി നിര്‍വ്വഹിച്ചു. പള്ളിപ്പാട് കൃഷി ഭവന്റെ മേല്‍നോട്ടത്തിലാണ് ഞാറ്റുവേല ചന്തയുടെ നടത്തിപ്പ്. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നടീല്‍ വസ്തുക്കള്‍ എത്തിക്കാന്‍ ഞാറ്റുവേല ചന്തയിലൂടെ സാധിക്കും.
11 ദിവസം നീണ്ടു നില്‍ക്കുന്ന ചന്തയില്‍ കാര്‍ഷിക വകുപ്പിന്റെ ഫാമുകള്‍, വി.എഫ്.സി.പി.കെ എന്നിവടങ്ങളില്‍ വികസിപ്പിച്ചെടുത്ത മികച്ച നിലവാരത്തിലുള്ളതും കായ്ഫലം ലഭിക്കുന്നതുമായ തൈകളും നടീല്‍ വസ്തുക്കളുമാണ് ലഭിക്കുക. നാടന്‍ തെങ്ങുംതൈ, പപ്പായ, റോസ് ആപ്പിള്‍, പ്ലാവ്, പേര എന്നിങ്ങനെയുള്ളവയുടെ തൈകള്‍ 50 ശതമാനം വിലക്കിഴിവില്‍ ചന്തയില്‍ ലഭിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ സുജാത അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ഉപഡയറക്ടര്‍ ലീലാകൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സിന്ധു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഷിനു രാജ് എന്നിവര്‍ പങ്കെടുത്തു.

date