Skip to main content

എലിപ്പനി, ഡെങ്കിപ്പനി നിയന്ത്രണത്തിന് വകുപ്പുകൾ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം- ജില്ല കളക്ടര്‍

 

ആലപ്പുഴ: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട മറ്റുു വകുപ്പുകളും സംയുക്തമായി രോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാന്‍ കളക്ടറേറ്റിൽ ചേർന്ന ആരോഗ്യ ജാഗ്രത സമിതി യോഗം തീരുമാനിച്ചു. ജില്ലാകലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയായിരുന്നു യോഗം. എലിപ്പനി 42 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു. ഒരു മരണവും ഉണ്ടായി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവയുടെ ഭീഷണി തടയുന്നതിന് കാര്യമായ ഇടപെടൽ ആരോഗ്യവകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും നടത്തണം. വയലാർ, പള്ളിപ്പുറം, തണ്ണീർമുക്കം, ചേർത്തല തെക്ക് , ചേർത്തല മുനിസിപ്പാലിറ്റി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നിവ ഡെങ്കിപ്പനി ഹോട്ട്സ്പോട്ടുകൾ ആണ്. എലിപ്പനിയുടെ കാര്യത്തിൽ ഏപ്രിൽ വരെ അങ്ങിങ്ങായി മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ മെയ് മുതൽ ഇത് വര്‍ധിച്ചിട്ടുണ്ട്. കരുവാറ്റ, ചമ്പക്കുളം, അമ്പലപ്പുഴ വടക്ക് ,കഞ്ഞിക്കുഴി ,ചേപ്പാട് എന്നിവിടങ്ങളിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി യോഗത്തിൽ പറഞ്ഞു. മലേറിയ നാല് കേസുകൾ ഈ വര്‍ഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

ഓരോ പി എച്ച് സി യിലെയും ഒരു ജീവനക്കാരനെ അതിന്‍റെ പരിധിയിലെ കോവിഡ് ഇതര രോഗങ്ങളുടെ നിയന്ത്രണ പ്രവർത്തനങ്ങളുടെ ചാർജ് നൽകിയിട്ടുണ്ട്. എന്നാൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവ കൂടുതലായി കണ്ടെത്തിയ പഞ്ചായത്തുകളിൽ അടുത്തുള്ള പി എച്ച്. സി കളിൽ നിന്നുള്ള കൂടുതല്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്‍റെ സഹകരണവും ഇതിനായി ഉറപ്പുവരുത്തി.

തൊഴിലുറപ്പ് തൊഴിലാളികളും മറ്റും കൂടുതൽ ബോധവാന്മാരായി ഗുളിക ഉള്‍പ്പടെ ഉപയോഗിക്കുന്നതിനാല്‍ അവർക്കിടയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ബാധിക്കുന്നത് കുറഞ്ഞിട്ടുണ്ട്. എന്നാൽ മീൻ പിടിക്കാൻ പോകുന്നവര്‍, വാഹനങ്ങൾ കഴുകുന്നവർ, പുല്ലു പറിക്കാൻ പോകുന്നവര്‍ തുടങ്ങിയവര്‍ രോഗബാധിതരാകുന്ന സാഹചര്യമുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും മറ്റും പ്രാധാന്യം നൽകണം. ഫോഗിങ്ങും സ്രോതസ്സ് നശീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിന് നഗരസഭകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് കളക്ടർ പറഞ്ഞു. വാട്ടർ അതോറിറ്റി ശുദ്ധമായ കുടിവെള്ളം എത്തുന്നു എന്ന് ഉറപ്പുവരുത്തണം.

വാർഡു തല ആരോഗ്യ ശുചിത്വ പോഷണ സമിതി ചേരുകയും രണ്ടുപേരടങ്ങുന്ന സ്ക്വാഡ് വീടുകള്‍ തോറും പരിശോധന ഉറപ്പാക്കണം. മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾക്കായി ശുചിത്വ മിഷന്‍ പഞ്ചായത്തുകൾക്ക് 25000 രൂപ ഓരോ വാർഡിനും നല്‍കിയതായി ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടാതെ മാർക്കറ്റുകളിൽ ശുചിത്വ സന്ദേശം എത്തിക്കുകയും സാനിറ്റൈസര്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡ്രൈ ഡേ ആചരണം കുറേക്കൂടി ഗൗരവത്തോടെ കാണണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച കുടുംബങ്ങളിലും ഡ്രൈ ഡേ ആചരിക്കാൻ എല്ലാവരും ശ്രമിക്കണം.

ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിൽ അടിയന്തരമായി മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേർത്ത് തുടർ നടപടികൾ എടുക്കും. ലേബർ ഓഫീസും വിവിധ വകുപ്പുകളുടെ പ്രതിനിധികളും ചേർന്ന് അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വം പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. മുനിസിപ്പൽ ഏരിയകളിൽ സാനിറ്റേഷൻ പ്രവർത്തനങ്ങളും റോഡരികും വൃത്തിയാക്കണം. ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയ്കകം നല്‍കാന്‍ ജില്ല കളക്ടര്‍ കളക്ടർ ആവശ്യപ്പെട്ടു. ഡി.എം.ഓയെക്കൂടാതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ , തദ്ദേശ സ്ഥാപന പ്രതിനിധികള്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date