Skip to main content

കോഴിമാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത്

ക്ലീന്‍ കോട്ടയം-ഗ്രീന്‍ കോട്ടയം പദ്ധതി

 

 

 

കോഴിക്കടകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ഉയര്‍ത്തുന്ന മലിനീകരണ ഭീഷണിക്ക് ശാശ്വത പരിഹാരമൊരുക്കാന്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലാ പഞ്ചായത്തുകളുടെ മാതൃക പിന്തുടര്‍ന്ന് ക്ലീന്‍ കോട്ടയം -ഗ്രീന്‍ കോട്ടയം പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള മാലിന്യ ശേഖരണ- സംസ്കരണ സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

 

ശുചിത്വ മിഷന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും മേല്‍നോട്ടത്തില്‍ സ്വകാര്യ സംരംഭകരില്‍നിന്നും താത്പര്യപത്രം ക്ഷണിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ജില്ലാ പഞ്ചായത്ത് ജനറല്‍ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇതിനുള്ള നടപടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കും. 

 

നിശ്ചിത തുക യൂസര്‍ ഫീ ഈടാക്കി മാലിന്യങ്ങള്‍ ശേഖരിക്കുന്ന സംവിധാനമാണ് മറ്റു ജില്ലകളില്‍ നടപ്പാക്കിയിട്ടുള്ളത്. കടകളില്‍ പ്രത്യേകം ഫ്രീസറില്‍ സൂക്ഷിക്കുന്ന മാലിന്യങ്ങള്‍ ഫ്രീസര്‍ സംവിധാനമുള്ള വാഹനങ്ങളില്‍ ശേഖരിച്ച് കേന്ദ്രീകൃത സംസ്കരണ കേന്ദ്രത്തില്‍ എത്തിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റും.  

 

പദ്ധതിക്ക് ആവശ്യമായ ഭൂമിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത രീതിയില്‍ സംസ്കരണ കേന്ദ്രം നടത്തുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങളും ഈ മേഖലയില്‍ മുന്‍പരിചയവുമുള്ള സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. യൂസര്‍ ഫീയും മാലിന്യങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന പണവുമാണ് സംരംഭകരുടെ വരുമാനം.

 

സംസ്കരണ സംവിധാനം നിലവില്‍ വരുന്നതോടെ ജില്ലയിലെ മുഴുവന്‍ കോഴിക്കടകളിലെയും

മാലിന്യം സംസ്കരണത്തിനായി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ്. ഇക്കാര്യംകൂടി പരിഗണിച്ചായിരിക്കും സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുക.   

 

ആദ്യഘട്ടത്തില്‍ കോഴിക്കടകളില്‍നിന്നുള്ള മാലിന്യമാണ് ശേഖരിക്കുന്നതെങ്കിലും പിന്നീട് എല്ലാത്തരം അറവു മാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്കരണത്തിന് സംവിധാനം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി.

date