Skip to main content

ലളിതമായ ചടങ്ങുകളോടെ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം

* ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാജ്ഭവനിൽ ലളിതമായ ചടങ്ങുകളോടെയാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചത്.
പരസ്പര ബഹുമാനം, സൗഹൃദം, മികവ് എന്നീ മൂല്യങ്ങളാണ് ഒളിമ്പിക് ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഗവർണർ പറഞ്ഞു. പ്രായ ലിംഗ ഭേദമന്യേ എല്ലാവരും കായികയിനങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.  ആരോഗ്യമുള്ള ഭാവിയിലേക്കായി കരുത്താർജിച്ച ശരീരവും ആവശ്യമാണ്്. ഇതിന് കായിക പരിശീലനം ആവശ്യമാണ്. ശാരീരിക ക്ഷമത കൈവരിച്ചാൽ മാത്രമേ മാനസിക ഉണർവും കൈവരികയുള്ളുവെന്നും ഏവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ഗവർണർ പറഞ്ഞു. 'വീട്ടിലിരിക്കൂ, ശക്തരായിരിക്കൂ, ആരോഗ്യവാൻമാരായിരിക്കൂ' എന്നതാണ് ഇത്തവണത്തെ ഒളിമ്പിക് ദിന പ്രമേയം. ഈ പ്രമേയം അനുസരിച്ച്  ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ച കേരള ഒളിമ്പിക് അസോസിയേഷനെ ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഏവരും ശാരീരികമായി കരുത്താർജിക്കണമെന്നും ഇതിനായുള്ള പരിശീലനങ്ങൾ ഓരോ വീട്ടിലും തുടങ്ങണമെന്ന് മന്ത്രി പറഞ്ഞു. കായിക ലോകവും ലോക്ഡൗണിലാണ്. ഇതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കായിക മത്സരങ്ങളെല്ലാം മാറ്റിവെച്ചത്. എന്നാൽ ലോക്ഡൗൺ പരിശീലനത്തെ ബാധിക്കരുതെന്നും യോഗ ഉൾപ്പെടയുള്ള പരിശീലനങ്ങൾ കുട്ടികളും മുതിർന്നവരും വീടുകളിൽ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു.
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്രകടനവും നടന്നു. ഗവർണറുടെ വാച്ച് അപ്രത്യക്ഷമാക്കിയത് കണ്ടെത്തിയതും പെട്ടിയ്ക്കുള്ളിൽ നിന്ന് ദീപശിഖയുമായി ഒളിമ്പ്യൻ എ.രാധികാ സുരേഷ് പുറത്തു വന്നതുമായ പ്രകടനങ്ങൾ ഒളിമ്പിക് ദിനത്തിൽ കൗതുകമായി. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രസിംഗ് ദൊഡാവത്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, സ്‌പോർട്‌സ് വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡോ. ജി. കിഷോർ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്, വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ കെ.എസ്. ബാലഗോപാൽ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ കൺവീനർ ആർ. അയ്യപ്പൻ,  തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 2244/2020

 

date