Skip to main content

മഴക്കാലം: വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം

    മഴക്കാലത്ത് വളര്‍ത്തുമൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ അവയുടെ പരിപാലനത്തിലും സംരക്ഷണത്തിലും  പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ജില്ലാമൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മഴക്കാലം വളര്‍ത്തുമൃഗങ്ങള്‍ക്ക് ദുരിതക്കാലമാണെങ്കില്‍ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥ രോഗാണുക്കള്‍ക്കും രോഗവാഹകര്‍ക്കും നല്ലകാലമാണ്. അതിനാല്‍ വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വമാണ് രോഗങ്ങള്‍ക്കെതിരെയുള്ള  ഏറ്റവു വലിയ പ്രതിരോധമാര്‍ഗം. മൃഗങ്ങളുടെ കൂടും പരിസരവും അവയുടെ ശരീരവും വൃത്തിയായി സൂക്ഷിക്കാന്‍  പ്രത്യേക ശ്രദ്ധ നല്‍കണം. രോഗബാധയുള്ളവയെ മാറ്റി പാര്‍പ്പിക്കാനും കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കാനും ശ്രദ്ധിക്കണം. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗപകര്‍ച്ചയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൃഗങ്ങളെ പരിപാലിക്കുന്നവരും വ്യക്തിശുചിത്വം പാലിക്കണം. അവയുമായി ഇടപഴകുമ്പോള്‍ മാസ്‌കും കയ്യുറകളും കാലില്‍ ബൂട്ട് പോലുള്ള സുരക്ഷാക്രമീകരണങ്ങളും ഉണ്ടായിരിക്കണം. 

കര്‍ഷകര്‍ക്കുള്ള നിര്‍ദേശങ്ങള്‍

•    മഴപെയ്യുമ്പോഴും കാറ്റും ഇടിമിന്നലുള്ളപ്പോഴും തുറസായ സ്ഥലങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടാതിരിക്കണം.
•    തൊഴുത്ത്/കൂട് ദിവസവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം. 150 ഗ്രാം ബ്ലീച്ചിങ് പൗഡറും മൂന്ന് ടീസ്പൂണ്‍ അലക്ക്കാരവും കുഴമ്പാക്കി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്  കഴുകാം.  അരകിലോഗ്രം കുമ്മായം നാല് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയും ഫിനോയില്‍ പോലുള്ള അണുനാശിനികള്‍ ഉപയോഗിച്ചും വൃത്തിയാക്കാം.
•    കൊതുകുകളും ചിലയിനം ഈച്ചകളും പല രോഗങ്ങളും പരത്തുന്നതിനാല്‍ അവയെ തുരത്താന്‍ ഒരു കിലോ ഗ്രാം കുമ്മായത്തില്‍ 250 ഗ്രാം ബ്ലീച്ചിങ് പൗഡര്‍  എന്ന തോതില്‍ ചേര്‍ത്ത് ആഴ്ചയില്‍ രണ്ട് തവണ വീതം വളക്കുഴിയിലും തൊഴുത്ത് പരിസരത്ത് വിതറണം.
•    പൂപ്പല്‍ വിഷബാധ തടയാനായി തീറ്റ വസ്തുക്കള്‍ മഴനനയാതെ സൂക്ഷിക്കണം. തറയില്‍ നിന്ന് ചുരുങ്ങിയത് ഒരടി ഉയരത്തിലും ചുമരില്‍ നിന്ന് ഒന്നരയടി അകലത്തിലും അവ സൂക്ഷിക്കണം.
•    കുഴികളുള്ളതും നനഞ്ഞതുമായ തറ കുളമ്പു രോഗത്തിന്  കാരണമാകും. കുളമ്പിലെ മുറിവുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി ആന്റി ബയോട്ടിക് ലേപനങ്ങള്‍ പുരട്ടി ഉണക്കണം.
•    തൊഴുത്തില്‍ ആവശ്യമായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
•    മഴക്കാലത്ത് അകിട് വീക്കത്തിന് മുന്‍കരുതല്‍ വേണം. അകിടിലെ മുറിവുകളും വീക്കവും യഥാസമയം ചികിത്സിക്കണം. അകിടില്‍ പാല്‍  കെട്ടി നില്‍ക്കരുത്. കറവയ്ക്ക് മുമ്പ് അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി കൊണ്ട് കഴുകി തുടക്കണം. ശേഷം അകിടുകള്‍ പോവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്‍ഡ്  വീതം മുക്കി ടീറ്റ് ഡിപ്പിങും നടത്തണം.
•    ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തണം. മഴക്കാലത്ത് ഇളം പച്ചപുല്ല് വയറിളക്കത്തിന് കാരണമാകും. ഇവ വൈക്കോലോ ഉണക്ക പുല്ലോ ചേര്‍ത്ത് നല്‍കുന്നതാണ് ഉചിതം. 
•    എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം. കുളമ്പുരോഗ പ്രതിരോധ  കുത്തിവെപ്പ് യഥാസമയം ചെയ്യിക്കണം.
(എം.പി.എം 2318/2020)
 

date