Skip to main content

വേങ്ങരയില്‍ ഞാറ്റുവേലചന്തയും കര്‍ഷക സഭകളും സംഘടിപ്പിച്ചു

    സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കില്‍ 'ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും' സംഘടിപ്പിച്ചു. പരിപാടിയുടെ വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ചാക്കീരി അബ്ദുള്‍ ഹഖ് നിര്‍വഹിച്ചു. കര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് വിപണി ഒരുക്കി അതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കാനാണ് ഞാറ്റുവേല ചന്തകള്‍ സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധയിനം നടീല്‍ വസ്തുക്കള്‍, തെങ്ങിന്‍ തൈകള്‍, പച്ചക്കറിതൈകള്‍, വിത്തുകള്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കാര്‍ഷികവിളകളും ഗ്രോബാഗ്, വിവിധ വളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയും ചന്തയില്‍ ഒരുക്കിയിരുന്നു.  സുഭിക്ഷ കേരളം പദ്ധതിയുടെ രജിസ്‌ട്രേഷന്‍, പദ്ധതിയിലൂടെ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ പരിചയപ്പെടുത്തല്‍, കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ വിശദീകരിക്കല്‍ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. തിരുവാതിര ഞാറ്റുവേല സമയത്താണ് വേങ്ങര ബ്ലോക്കിനു കീഴിലുള്ള ഊരകം, കണ്ണമംഗലം, വേങ്ങര, എ.ആര്‍ നഗര്‍, എടരിക്കോട്, പറപ്പൂര്‍, തെന്നല തുടങ്ങിയ ഏഴു ഗ്രാമ പഞ്ചായത്തുകളിലും ഞാറ്റുവേല ചന്തകള്‍ സംഘടിപ്പിക്കുന്നത്.  കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലില്‍, സ്ഥിരം സമിതി അംഗങ്ങളായ കെ.പി സരോജിനി, അബുട്ടി, പഞ്ചായത്തംഗം ആമിനക്കുട്ടി, കണ്ണമംഗലം കൃഷി ഓഫീസര്‍ കെ. ജംഷീദ്, ഡി.ഡി.എ സൈബുന്നീസ തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2319/2020)
 

date