Skip to main content

ധര്‍മ്മടം മണ്ഡലത്തില്‍ നടപ്പാക്കുന്നത് 4.8 കോടി രൂപയുടെ പദ്ധതികള്‍

ധര്‍മ്മടം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 17 പദ്ധതികള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2020-21 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 4.8 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്നത്. അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ചെമ്പിലോട്, കടമ്പൂര്‍, വേങ്ങാട്, ധര്‍മ്മടം, പിണറായി എന്നീ പഞ്ചായത്തുകളില്‍ 60 ലക്ഷം രൂപയുടെ വീതം പദ്ധതികള്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
പെരളശ്ശേരി പഞ്ചായത്തിലെ എ കെ ജി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് വികസനവും  ഗ്യാലറി നിര്‍മ്മാണവും, കടമ്പൂര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രവും കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കല്‍, ചെമ്പിലോട് പഞ്ചായത്തിലെ 2, 12, 16, 17 വാര്‍ഡുകളില്‍ അങ്കണവാടി നിര്‍മ്മാണം എന്നീ പ്രവര്‍ത്തികള്‍ക്കായി 60 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.
കൂടാതെ അഞ്ചരക്കണ്ടി പഞ്ചായത്തില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിക്കല്‍, കണ്ണാടിവെളിച്ചം പി എച്ച് സിയില്‍ ഫിസിയോതെറാപ്പി സെന്റര്‍ നിര്‍മ്മാണം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കുഞ്ഞിപ്പുഴ പാലം നിര്‍മ്മാണം, കച്ചേരിമെട്ട സ്റ്റേഡിയത്തില്‍ ക്ലോക്ക് റൂം നിര്‍മ്മാണം, വേങ്ങാട് പഞ്ചായത്തിലെ മൈലുള്ളി ഹെല്‍ത്ത് സബ്‌സെന്റര്‍ നിര്‍മ്മാണം, വേങ്ങാട് തെരു-കനാല്‍ കര റോഡിലെ കനാല്‍ പാലം നിര്‍മ്മാണം, ധര്‍മ്മടം പഞ്ചായത്തിലെ ഒന്ന്, ഏഴ് വാര്‍ഡുകളില്‍ അങ്കണവാടി നിര്‍മ്മാണം, പാലയാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സ്റ്റേജ് നിര്‍മ്മാണം, പിണറായി പഞ്ചായത്തിലെ ചേരിക്കല്‍, മൗവ്വേരി തോടു സംരക്ഷണം എന്നീ പദ്ധതികള്‍ക്ക് 30 ലക്ഷം രൂപ വീതവും പിണറായി പഞ്ചായത്തിലെ പാറപ്രം മിനി സ്റ്റേഡിയം വികസനം, പ്രശാന്തി ശ്മശാനത്തില്‍ അടിസ്ഥാന സൗകര്യ വികസനം  എന്നീ പദ്ധതികള്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്.

date