Skip to main content

ഇനി ഞാറ്റുവേല കാലം; പയ്യന്നൂര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു

സുഭിക്ഷ കേരളം പദ്ധതിയോടനുബന്ധിച്ച് ഞാറ്റുവേല കാലത്ത്  കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത,  കര്‍ഷക സഭകള്‍ എന്നിവയുടെ പയ്യന്നൂര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു. പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ കണ്ണങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക നഴ്‌സറിയില്‍ നടന്ന ചടങ്ങ്  സി കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഞാറ്റുവേലക്ക് കൃഷിഭവനിലെത്തിയ തെങ്ങിന്‍ തൈകളുടെ ആദ്യവില്‍പനയും   പെരിങ്ങോം വയക്കരയിലെ കാര്‍ഷിക കര്‍മസേന ഉല്‍പാദിപ്പിച്ച കുരുമുളക് തൈയുടെ നടീല്‍ കര്‍മ്മവും  എംഎല്‍എ നിര്‍വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച തെങ്ങിന്‍ തൈകളും വില്‍പനയ്ക്കുണ്ട്. 20 തൊഴിലാളികളാണ് കര്‍മസേനയില്‍ ഉള്ളത്. ഇവര്‍ക്ക് വേണ്ട പരിശീലനം കൃഷിഭവന്‍ മുഖേനയാണ് നല്‍കുന്നത്. അഞ്ഞൂറോളം വരുന്ന കുരുമുളക് തൈകളാണ് വകുപ്പ് ഈടാക്കുന്ന നിരക്കില്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
ഞാറ്റുവേല ചന്തകളിലൂടെ കുരുമുളക് തൈ,  തെങ്ങിന്‍ തൈ,  ഇഞ്ചി,  മഞ്ഞള്‍ തുടങ്ങിയ നടീല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പനയും നടത്തി.
ചടങ്ങില്‍  പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡണ്ട് പി നളിനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്  പി പ്രകാശന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മിനി മാത്യു, പഞ്ചായത്തംഗം എം രുഗ്മിണി, പയ്യന്നൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി പി നൂറുദ്ദീന്‍,  കൃഷി ഓഫിസര്‍ ജി നിഷ,  പി വി തമ്പാന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക കര്‍മസേനാംഗങ്ങള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍  പങ്കെടുത്തു

date