Skip to main content

തോട്ടങ്ങളിലേക്ക് നീങ്ങാം'25 മുതല്‍; ഡെങ്കിപ്പനി പ്രതിരോധ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്

ഡെങ്കിപ്പനിക്കെതിരെ ഉറവിട നശീകരണ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന് ജൂണ്‍ 25 മുതല്‍ തുടക്കമാകും. റബ്ബര്‍, കവുങ്ങ്, പൈനാപ്പിള്‍, കൊക്കോ തോട്ടങ്ങള്‍ ഈഡീസ് കൊതുകിന്റെ വലിയ തോതിലുള്ള പ്രജനന ഉറവിട കേന്ദ്രങ്ങളാകുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി.
തോട്ടം ഉടമകള്‍, തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡ പ്രകാരം യോഗം ചേരുക, റബ്ബര്‍ തോട്ടങ്ങളില്‍ ലാറ്റക്‌സ് കപ്പുകള്‍, ചിരട്ടകള്‍, റെയിന്‍ഗാര്‍ഡ് എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, ഉപയോഗശൂന്യമായി കിടക്കുന്ന കപ്പുകള്‍/ചിരട്ടകള്‍ മുഴുവനായും നീക്കം ചെയ്യുക, കവുങ്ങിന്‍ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ പാളകള്‍ നശിപ്പിക്കുക, മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള പൈനാപ്പിള്‍ ചെടികളുടെ ഇലകള്‍ക്കിടയില്‍ ടെമിഫോസ്, ബി ടി ഐ, ടെമിഫോസ് ഗ്രാന്യൂളുകള്‍, വേപ്പിന്‍പിണ്ണാക്ക് എന്നിവ ഉപയോഗിച്ച് കൂത്താടി നശീകരണം നടത്തുക. കൊക്കോ തോടുകള്‍ ശേഖരിച്ച് കുഴിച്ചു മൂടുക/കത്തിച്ചുകളയുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പരിശോധനയില്‍ ഉറവിട സാന്നിധ്യം കണ്ടെത്തുന്ന തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കേണ്ടതും തുടര്‍ച്ചയായി ഉറവിട നശീകരണം നടത്താത്തവര്‍ക്കെതിരെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കേണ്ടതുമാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിന് തോട്ടം ഉടമകള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് പറഞ്ഞു

date