Skip to main content

കൊല്ലം തുറമുഖ വികസനം എമിഗ്രേഷനുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം തുറമുഖത്തെ  എമിഗ്രേഷനുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.  തുറമുഖവികസനവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എമിഗ്രേഷന്‍ സംവിധാനങ്ങളുടെ അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ് കൊല്ലം തുറമുഖം യാതാര്‍ഥ്യമാകുന്നിതല്‍ തടസമായി നില്‍ക്കുന്നത്.  കെട്ടിടങ്ങളും കൗണ്ടറുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വളരെവേഗം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും ഉടന്‍ അനുകൂല മറുപടി പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.  
കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കുന്നതിന് കൊല്ലം തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാവും.   ഇന്‍സെന്റീവ് നല്‍കുന്നത് സംബന്ധിച്ച  പുതിയ മാര്‍ഗരേഖ മാരി ടൈം ബോര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.  കപ്പലടുപ്പിക്കുന്നതിന്  നിലനില്‍ക്കുന്ന മറ്റൊരു  പ്രശ്നം തൊഴിലാളികളുടെ കൂലി സംബന്ധിച്ചാണ്.  തൊഴിലാളികളുടെ കൂലി സംബന്ധമായ    ആശങ്ക ട്രേഡ്    യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. തുറമുഖ വികസന മന്ത്രിയുടെ സാന്നിധ്യത്തില്‍ മറ്റൊരു യോഗം ഉടന്‍തന്നെ ചേരുമെന്നും മന്ത്രി പറഞ്ഞു.  
ബീച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മത്സ്യബന്ധനോപകരണങ്ങള്‍ സൂക്ഷിക്കുന്ന കൂടങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി മത്സ്യതൊഴിലാളികള്‍ക്ക് ലോക്കര്‍ റൂമുകള്‍ ലഭ്യമാക്കും. നീണ്ടകര തുറമുഖത്ത് വലവീശി മത്സ്യബന്ധനം നടത്തുന്നതിന്  നിലവില്‍ യാതൊരു തടസവുമില്ല. ബയോമെട്രിക് കാര്‍ഡ് മുഖേന  തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തി തിരികെ പോകാം. മത്സ്യബന്ധനത്തിന്റെ മറവില്‍ നടക്കുന്ന  സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടുമെന്നും  മന്ത്രി കൂട്ടി ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു, പോര്‍ട്ട് ഓഫീസര്‍ ഹരി അച്യുത വാര്യര്‍, മാരിടൈം ബോര്‍ഡ് മെമ്പര്‍മാരായ ഹരിലാല്‍, വി മണിലാല്‍, എം കെ ഉത്തമന്‍, എന്‍ ബി ഷിബു, തുറമുഖ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1691/2020)

 

date