Skip to main content

കേരളത്തിന്റെ സാമൂഹ്യപുരോഗതിയില്‍ ഗ്രന്ഥശാല സംഘങ്ങളുടെ പങ്ക് നിര്‍ണായകം: മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ

പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ  സാമൂഹ്യ പുരോഗതിയിലും ജീവിതബോധത്തിലും സാമൂഹികബന്ധങ്ങളിലും ഗ്രന്ഥശാല സംഘങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചതായി മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ. വായനമാസാചരണത്തിന്റെ ഭാഗമായുള്ള സന്ദേശം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. വായനയ്ക്ക് പരിശീലനം ആവശ്യമാണെന്നും കേരളത്തില്‍ ഗ്രന്ഥശാലകള്‍ വഴി ഇത്തരം പരിശീലനമാണ് നല്‍കപ്പെടുന്നതെന്നും  എം എല്‍  എ  പറഞ്ഞു.
വായനയിലൂടെ കിട്ടുന്നത് ആശയം മാത്രമല്ല ഒരു ഔഷധം കൂടിയാണ്. ഉള്ളിലെ അസ്വസ്ഥതതകളെ അകറ്റാന്‍ ആശയങ്ങളെ   ഉള്‍ക്കൊള്ളാനുള്ള കഴിവാണ് വായനയിലൂടെ സ്വായത്തമാക്കേണ്ടത്. അക്ഷരങ്ങള്‍,  കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയുന്ന മനോഹരമായ കാഴ്ച്ചകളില്‍ ഒന്നാണ്. വായിക്കുക എന്നാല്‍ അക്ഷരങ്ങളെ സ്‌നേഹിക്കുക എന്നത് മാത്രമല്ല അതിലൂടെ പ്രപഞ്ചത്തെ സ്‌നേഹിക്കുക എന്നത് കൂടിയാണ്. ലോകത്താകെയുള്ള അറിവുകളെല്ലാം നമ്മളിലേക്ക് ഉള്‍ക്കൊള്ളുന്നതിന് പുസ്തകങ്ങളെ മനസ് തുറന്നു സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി എന്‍ പണിക്കരുടെ ഓര്‍മ ഉള്‍പ്പെടുന്ന വായനമാസാചരണത്തില്‍ വായിച്ചു വളരാനുള്ള പുസ്തകങ്ങള്‍ തിരഞ്ഞു കണ്ടെത്താന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയായതിന് മുന്‍പും ശേഷവുമുള്ള തന്റെ വായനാ അനുഭവങ്ങള്‍ എം എല്‍ എ പങ്കുവച്ചു.
(പി.ആര്‍.കെ നമ്പര്‍ 1692/2020)

 

date