Skip to main content

കയര്‍ ഭൂവസ്ത്രത്തില്‍ കുളത്തിന് അഴകൊരുക്കി   തേവലക്കര ഗ്രാമപഞ്ചായത്ത്

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുത്തന്‍സങ്കേതം 14-ാം വാര്‍ഡില്‍  പുളിയറത്താഴത്ത് നിര്‍മിച്ച കുളത്തിന് കയര്‍ ഭൂവസ്ത്രത്തിന്റെ അഴകൊരുക്കി തേവലക്കര ഗ്രാമപഞ്ചായത്ത്. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,98000 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
ചകിരിയില്‍ നീളത്തിലും വീതിയിലും  നെയ്ത അരിപ്പകളോട് കൂടിയ മണ്ണ് സംരക്ഷണ കവചമാണ് കയര്‍ ഭൂവസ്ത്രം. ഭൂമിയെ  തട്ടുകളായി തിരിച്ച് കയ്യാല കെട്ടി അതിന് മുകളിലായാണ് കയര്‍ ഭൂവസ്ത്രം സ്ഥാപിച്ചത്. കാലക്രമേണ ജൈവവളമായി കയര്‍ മണ്ണില്‍ സംസ്‌കരിക്കപ്പെടും. മണ്ണിലെത്തുന്ന ജലത്തെ കടത്തിവിടാനും ഖരരൂപത്തിലുള്ള തരികളെ മണ്ണിലുറപ്പിച്ചു നിര്‍ത്താനും ഇവയ്ക്ക് കഴിയും. കുളത്തിനു ചുറ്റുമുള്ള ബണ്ട് ബലപ്പെടുത്താനുള്ള പുല്ല് പ്രദേശത്ത് നിന്ന് തന്നെയാണ് കണ്ടെത്തിയത്. വരള്‍ച്ച കാലത്ത് ജനങ്ങള്‍ക്കാകെ പ്രയോജനപ്പെടുന്ന തരത്തിലാണ് കുളത്തിന്റെ നിര്‍മാണം.
40 തൊഴിലാളികള്‍ക്ക് 560 തൊഴില്‍ ദിനങ്ങളാണ് ഇതുവഴി കണ്ടെത്താനായത്.  പണി ആരംഭിച്ചപ്പോള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കുളം നിര്‍മാണം നീണ്ട് പോയിരുന്നു.  ലോക് ഡൗണ്‍ ഇളവ് ലഭിച്ചപ്പോള്‍ സാമൂഹിക അകലം പാലിച്ചും തൊഴിലാളികളുടെ എണ്ണം ക്രമീകരിച്ചുമാണ് തൊഴില്‍ പൂര്‍ത്തിയാക്കിയതെന്ന് തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ശിഹാബ് പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍ 1694/2020)

 

date