Skip to main content

ജില്ലയിൽ തൊഴിലുറപ്പ് രംഗം വീണ്ടും സജീവമാകുന്നു

 

ആലപ്പുഴ: കോവിഡ് പ്രതിസന്ധിമൂലം ഇടക്കാലത്ത് മന്ദഗതിയിലായ ജില്ലയിലെ തൊഴിലുറപ്പ് ജോലികൾ പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് തൊഴിലുറപ്പ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. നേരത്തെ ഒരു തൊഴിലിടത്തിൽ 60 മുതൽ 80 വരെ തൊഴിലാളികൾ ജോലി ചെയ്തിരുന്നത് ഇപ്പോൾ 20 പേരായി ചുരുക്കിയിട്ടുണ്ട്. മാസ്കുകൾ, കയ്യുറ, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവയും ഓരോ തൊഴിലിടങ്ങളിലും ഉറപ്പാക്കി. കൂടാതെ തൊഴിലാളികൾ തമ്മിൽ ഒരു മീറ്റർ അകലം തൊഴിലിടത്തിൽ പാലിക്കണം. സമ്പർക്കം ഒഴിവാക്കാൻ കുടിവെള്ളം വീടുകളിൽ നിന്നുകൊണ്ടുവരണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിക്കിടയിലും 2019 -20 വർഷം ഇതുവരെ 91861 കുടുംബങ്ങൾക്ക് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ നൽകാനായി. മൊത്തം 11,32,738 തൊഴിൽ ദിനങ്ങളിലായി 3863 പ്രവൃത്തികൾ പൂർത്തീകരിച്ചു. ആകെ ഏറ്റെടുത്ത 23,000 ജോലികളിൽ ഏറെയും പുരോഗമിക്കുകയുമാണ്. അവിദഗ്ധ തൊഴിലിനത്തിൽ 32. 07 കോടി രൂപയും വിദഗ്ധ തൊഴിലാളികൾക്കായി 2.459 കോടി രൂപയും പദ്ധതിയിലൂടെ വിതരണം ചെയ്‌തു. തൊഴിലിടങ്ങളിലേക്ക് ആവശ്യമായ നിർമാണ സാമഗ്രികൾ എല്ലാ പണിയിടങ്ങളിലും നൽകിയിട്ടുണ്ട്. 32.799 കോടി രൂപയുടെ പണി സാധനങ്ങളാണ് ഇത്തരത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ലഭ്യമാക്കിയത്.

date