Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-06-2020

കണ്ണൂര്‍ താലൂക്ക് ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് ജൂലൈ നാലിന്

മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന കണ്ണൂര്‍ താലൂക്ക്തല പരാതിപരിഹാര അദാലത്ത്  ജൂലൈ നാലിന്  ഓണ്‍ലൈനായി നടക്കും. കോവിഡ്19 ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് സംഘടിപ്പിക്കുക.
പൊതുജനങ്ങള്‍ക്ക്  ജൂലൈ ഒന്ന് മൂന്ന് മണി വരെ അക്ഷയ കേന്ദ്രം മുഖേന ഇ-ആപ്ലിക്കേഷനിലൂടെയോ kannurtalukppa@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പരാതി സമര്‍പ്പിക്കുന്നവര്‍ പേര്, വിലാസം, വില്ലേജ്, ഫോണ്‍ നമ്പര്‍, പരാതി സംബന്ധിച്ച വ്യക്തമായ വിവരം എന്നിവ രേഖപ്പെടുത്തണം. വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത പരാതികള്‍ അദാലത്തില്‍ പരിഗണിക്കുന്നതല്ല. പരാതിക്കാര്‍ക്ക് അദാലത്ത് ദിവസം നിശ്ചയിക്കപ്പെട്ട സമയത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി പരാതി അവതരിപ്പിക്കാവുന്നതാണ്. പരാതി കേട്ടു ജില്ലാ കലക്ടര്‍ ഓണ്‍ലൈന്‍ ആയി തന്നെ പരിഹാരം നിര്‍ദ്ദേശിക്കും.

എംസിസിയില്‍ താല്‍ക്കാലിക നിയമനം

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി ബയോ മെഡിക്കല്‍ എഞ്ചിനീയര്‍,  ഫര്‍മസിസ്റ്റ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 29ന് ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-   www.mcc.kerala.gov.in.

 

ലബോറട്ടറി ടെക്‌നീഷ്യന്‍ നിയമനം

ആറളം ഫാം ഗവ. ഹോമിയോ ആശുപത്രി ലബോറട്ടറിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലബോറട്ടറി ടെക്‌നീഷ്യനെ നിയമിക്കുന്നു. ബിഎസ്‌സി എംഎല്‍ടി/ഡിഎംഎല്‍ടി ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ ജൂണ്‍ 30ന് മുമ്പായി ghharalamfarm@kerala.gov.in എന്ന ഇ-മെയിലിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9496782240.

കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിക്കാത്തവര്‍ മസ്റ്ററിംഗ് നടത്തണം

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് കയര്‍ തൊഴിലാളി പെന്‍ഷന്‍ ലഭിച്ചുവരുന്ന കയര്‍ തൊഴിലാളികളില്‍ മസ്റ്ററിംഗ് നടത്താത്ത കാരണത്താല്‍ വിഷു - ഈസ്റ്റര്‍ പെന്‍ഷന്‍ ലഭിക്കാത്തവരും, മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവരും ജൂണ്‍ 29 മുതല്‍ ജൂലായ് 15 വരെയുളള കാലയളവില്‍ ആധാര്‍ കാര്‍ഡും പെന്‍ഷന്‍ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടു ഹാജരായി മസ്റ്ററിംഗ് നടത്തേണ്ടതാണ്.
കയര്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പുതിയതായി പെന്‍ഷന്‍ ലഭിക്കുന്നതിനായി 2020 മെയ് മാസം വരെ പെന്‍ഷന് /കുടുംബ പെന്‍ഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള കയര്‍ തൊഴിലാളികളും മേല്‍പ്പറഞ്ഞ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ഏതെങ്കിലും കാരണത്താല്‍ മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നുളള മസ്റ്റര്‍ ഫെയില്‍ റിപ്പോര്‍ട്ടും ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലായ് 22 നകം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു

date