Skip to main content

പഠന നിലവാരം കുറഞ്ഞ കുട്ടികള്‍ക്ക് സഹായവുമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ കരുതല്‍ സ്പര്‍ശം

 

ആലപ്പുഴ: പഞ്ചായത്ത് പരിധിയിലെ യു.പി സ്‌കൂള്‍ കേന്ദ്രീകരിച്ച് പഠനനിലവാരം കുറഞ്ഞ കുട്ടികള്‍ക്കായി 'മാനസ' എന്ന പേരില്‍ പ്രത്യേക പരിശീലന പദ്ധതിയുമായി മാരാരിക്കുളം തെക്ക് പഞ്ചായത്ത്. സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന നിലയില്‍ മികച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2013ലാണ് മാനസ എന്ന പദ്ധതി ആരംഭിക്കുന്നത്.

പഞ്ചായത്ത് പരിധിയിലെ അഞ്ച് സ്‌കൂളുകളിലെ പഠന നിലവാരം കുറഞ്ഞ കുട്ടികളെ കണ്ടെത്തി പ്രത്യേകം പരിശീലനം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൊള്ളേത്തൈ യുപി സ്‌കൂള്‍, പൂങ്കാവ് സ്‌കൂള്‍, വി.വി.എസ് പാതിരാപ്പള്ളി, ശ്രീ ചിത്തിര തിരുനാള്‍ യു.പി സ്‌കൂള്‍, കാട്ടൂര്‍ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ഡോക്ടറായ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് മാനസയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പഠന നിലവാരം കുറഞ്ഞ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനായി പഞ്ചായത്ത് പരിധിയിലെ എം.എസ്.ഡബ്ലിയുക്കാരാായ അഞ്ച് വനിതാ അധ്യാപകരെയും ഓരോ സ്‌കൂളിലും നിയമിച്ചിട്ടുണ്ട്. ഡോ.ജയപ്രകാശിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസും അധ്യാപകര്‍ക്കായി നല്‍കിയിട്ടുണ്ട്.

ഓരോ സ്‌കൂളുകളിലും ഒരു മണിക്കൂര്‍ എന്ന നിലയില്‍ എല്ലാ ദിവസവും കുട്ടികള്‍ക്കായി പ്രത്യേക ക്ലാസ്സും നല്‍കുന്നുണ്ട്. സ്‌കൂള്‍ അധികൃതരില്‍ നിന്നും മികച്ച പ്രതികരണമാണ് മാനസക്ക് ലഭിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ പറഞ്ഞു. പദ്ധതിക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്ക് മാസം 10000 രൂപയും പഞ്ചായത്ത് നല്‍കുന്നുണ്ട്.

date