Skip to main content

എസ്.എസ്.എല്‍.സി ഫലം;  പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തി

 

എസ്.എസ്.എല്‍.സി പരീക്ഷാഫലം  വന്നപ്പോള്‍ പത്തനംതിട്ട ജില്ല ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം നേടിയ വിജയ ശതമാനത്തേക്കാള്‍ വര്‍ധനയും ഈ വര്‍ഷം ഉണ്ട്. 99.34 ശതമാനമെന്നത് ഈ വര്‍ഷം 99.71 ശതമാനമായി ഉയര്‍ന്നു. 

ഈ വര്‍ഷം 10417 വിദ്യാര്‍ഥികളാണു ജില്ലയില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 10387 വിദ്യാര്‍ഥികളും വിജയിച്ചു. കഴിഞ്ഞ വര്‍ഷം 10852 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 10780 പേരാണു വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഉന്നത പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്ത കുട്ടികളുടെ എണ്ണം 72 ആയിരുന്നത് ഈ വര്‍ഷം 30 ആയി കുറയ്ക്കാനും കഴിഞ്ഞു. 

1019 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 691 പേരും പെണ്‍കുട്ടികളാണ്. പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പ്പെട്ട 39 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.

ജില്ലയിലെ 168 വിദ്യാലയങ്ങളില്‍ 145 എണ്ണത്തിനും 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. 51 ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ 41 എണ്ണത്തിനും 112 എയ്ഡഡ് വിദ്യാലയങ്ങളില്‍ 97 എണ്ണത്തിനും 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. ഏഴ് അണ്‍ എയിഡഡ് വിദ്യാലയങ്ങളും ഈ പട്ടികയിലുണ്ട്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ എംജിഎം സ്‌കൂളില്‍ 350 ല്‍ ഒരാള്‍ പരീക്ഷയെഴുതാഞ്ഞത് മൂലം 100 ശതമാനം വിജയം നഷ്ടമായി. ഇതര സംസ്ഥാന വിദ്യാര്‍ഥി സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലേക്കു മടങ്ങിയതിനാല്‍ അവസാന മൂന്ന് പരീക്ഷകള്‍ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. 

ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ചായലോട്(4) ജിഎച്ച്എസ് അഴിയിടത്തുചിറ (3) എല്ലാ കുട്ടികളും വിജയിച്ചു.

ജില്ലയില്‍ മികച്ച വിജയം നേടുന്നതിന് യത്‌നിച്ച അധ്യാപകരെയും ഉദ്യോഗസ്ഥരേയും രക്ഷിതാക്കളേയും വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ഹരിദാസ് അഭിനന്ദിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉയര്‍ന്ന വിജയം ഉറപ്പുവരുത്താന്‍ വരുന്ന അധ്യയന വര്‍ഷം ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നൂതന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

date