Skip to main content

ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പ്രവാസിക്കെതിരെ കേസെടുത്തു

ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴുക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസ്സെടുത്തു. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ വിഷ്ണു അവിടെ നിന്ന് ക്വാറന്റീൻ നിർദ്ദേശങ്ങൾ നൽകുന്ന വി കെ എൻ സ്റ്റേഡിയത്തിൽ എത്തി. തനിക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യം ഉടനെ ഒരുക്കിയില്ലെങ്കിൽ പുറത്ത് കറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഇയാൾ ഭീഷണി മുഴക്കി. കോവിഡ് 19 വിവരശേഖരണ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ മോശമായഭാഷ ഉപയോഗിക്കുകയും ചെയ്തു. അടാട്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥ അറിയിച്ചെങ്കിലും ഡ്രോപ്പിങ്ങ് പോയിന്റിൽ തന്നെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറീൻ സൗകര്യം ഒരുക്കണമെന്ന് ഇയാൾ വാശിപിടിച്ചു. വീട്ടിൽ മതിയായ ക്വാറന്റീൻ സൗകര്യമുളളയാളാണ് വിഷ്ണുവെന്ന് തദ്ദേശസ്ഥാപന തലത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്സെടുത്തതെന്ന് എഡിഎം റെജി പി ജോസഫ് അറിയിച്ചു.

date