Skip to main content

അഴീക്കോട് മുനമ്പം പാലം യാഥാർത്ഥ്യത്തിലേക്ക്; 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതി

തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്-മുനമ്പം പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതിയായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന കിഫ്ബി യോഗത്തിലാണ് പാലത്തിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, ചീഫ് സെക്രട്ടറി, കിഫ്ബി സി എം ഡി എന്നിവർ പങ്കെടുത്തതായിരുന്നു യോഗം.

കയ്പമംഗലം മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാമതായ അഴീക്കോട്-മുനമ്പം പാലം യാഥാർഥ്യമായാൽ എറണാകുളം ജില്ലയിൽ നിന്ന് തൃശൂർ ജില്ലയിലേക്കുള്ള എളുപ്പമാർഗമാകും തുറക്കപ്പെടുക. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കൻ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാർഗത്തിൽ എത്തിച്ചേരാനും തെക്കൻ ജില്ലകളിൽനിന്ന് വൈപ്പിൻകര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.

രണ്ട് തീരദേശങ്ങളെ തമ്മിൽ കൂട്ടിമുട്ടിക്കുന്ന പാലത്തിന് 2011ലാണ് തറക്കല്ലിട്ടത്.  സാങ്കേതിക പ്രശ്‌നം മൂലം സ്ഥലമേറ്റെടുക്കൽ വൈകിയത് നിർമാണപ്രവർത്തനങ്ങൾക്ക് വിഘാതമായി. നിർദ്ദിഷ്ട തുറമുഖ പ്രദേശത്തു നിർമിക്കുന്ന പാലത്തിന്റെ ഉയരം 12.5 മീറ്ററാണ്. അഴീക്കോട് മുനമ്പം കായലിനു കുറുകെ 900 മീറ്റർ നീളത്തിലും 16.5 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. അടിയിലൂടെ കപ്പലുകൾക്ക് സുഗമമായി യാത്ര ചെയ്യാവുന്ന ഉയരത്തിലാവും നിർമ്മാണം. നിർമാണത്തിന് ഇൻലാന്റ് നാവിഗേഷൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. പിന്നീട് പാലത്തിൻറെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി 6.49 കോടിയും മുനമ്പം ഭാഗത്ത് 8.13 കോടിയും അനുവദിച്ചു. സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തൽ റിപ്പോർട്ടിന് വേണ്ടിയുള്ള ഹിയറിംഗ് 2019 ആഗസ്റ്റിൽ ഇ ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിലും നടത്തി. കളമശ്ശേരി
രാജഗിരി കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ആഘാതപഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ സ്ഥലവും വീടും നഷ്ടപ്പെടുന്ന മുഴുവൻ പേരെയും പങ്കെടുപ്പിച്ചായിരുന്നു ഹിയറിംഗ്.  പഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ 22 ഭൂമിയുടമകളുടെ വീടും സ്ഥലവുമാണ് സർക്കാർ റോഡ് നിർമാണത്തിനായി ഏറ്റെടുക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്രോച്ച് റോഡിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ നടക്കുക.
തുടർന്ന് 2019 ഡിസംബറിൽ പാലം നിർമ്മാണത്തിനുള്ള അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി  സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ട് വിലയിരുത്തുന്ന ഏഴംഗ സമിതി പദ്ധതി പ്രദേശം സന്ദർശിച്ച് ഭൂവുടമകളുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നതെന്ന്  ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.
 

date