Skip to main content

രണ്ടാം അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ കേരള മാര്‍ച്ച് എട്ടു മതല്‍ *മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവല്‍ മാര്‍ച്ച് എട്ട്, ഒമ്പത്, 10,11 തിയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റിവല്‍ എട്ടിന് വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത പകര്‍ത്തി അന്താരാഷ്ട്ര പ്രശസ്തനായ ഫോട്ടോഗ്രഫര്‍ നിക് ഊട്ടിന് മുഖ്യമന്ത്രി സമ്മാനിക്കും. ലോസ് ഏഞ്ചല്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എട്ടിന് രാവിലെ 10ന് സംസ്ഥാനത്തെ വിവിധ മാധ്യമ പഠന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശില്‍പശാലയും മീഡിയാ ഫെസ്റ്റും നടക്കും. വൈകിട്ട് ഏഴിന് അനൂപ് ജലോട്ടയുടെ ഗസല്‍ പ്രോഗ്രാം നടക്കും. 

ഒമ്പതിന് രാവിലെ മസ്‌ക്കറ്റ് ഹോട്ടലില്‍ 50 ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പങ്കെടുക്കുന്ന വര്‍ക്ക്‌ഷോപ്പിന് നിക് ഊട്ട്, റൗള്‍റോ എന്നിവര്‍ നേതൃത്വം നല്‍കും. ടാഗോര്‍ സെന്റിനറി ഹാളില്‍ അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനവും മാധ്യമ ശില്‍പശാലയും നടക്കും. മാധ്യമ വിദ്യാര്‍ത്ഥികളുടെ വിവിധ മത്സരങ്ങളും അരങ്ങേറും. മീഡിയ അക്കാഡമിയുടെ മാധ്യ പഠന ഫെല്ലോഷിപ്പും മാധ്യമ ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വൈകിട്ട് ആറിന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വിതരണം ചെയ്യും. വൈകിട്ട് ഏഴിന് ജെറി അമല്‍ദേവിന്റെ സംഗീതപരിപാടി ഉണ്ടാകും.

മാര്‍ച്ച് പത്തിന് അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം തുടരും. രാവിലെ പത്തുമുതല്‍ മസ്‌കറ്റ് ഹോട്ടലില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് വര്‍ക്ക്‌ഷോപ്പ് നടക്കും. വൈകിട്ട് നാലുമുതല്‍ ആറുവരെ വിദ്യാര്‍ത്ഥികളുമായി മുതിര്‍ന്ന ഫോട്ടോഗ്രഫര്‍മാരുടെ സംവാദം. 

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ മുന്നോടിയായി  മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ഇന്ത്യയിലെ പ്രമുഖ വനിതാ ഫോട്ടോഗ്രഫര്‍മാരുടെ സംഗമം നടക്കും. ഡല്‍ഹിയില്‍ നിന്നുള്ള വനിതാ ഫോട്ടോഗ്രഫര്‍മാരായ സിപ്രദാസ്, സരസ്വതി ചക്രബര്‍ത്തി എന്നിവര്‍ സംബന്ധിക്കും. 

ഫോട്ടോ ഫെസ്റ്റിവലില്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ലോകപ്രശസ്ത ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കും. ദേശീയ പ്രശസ്തരായ ഫോട്ടോഗ്രഫര്‍മാരുടെ ചിത്രങ്ങളും സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ഫോട്ടോ ജേര്‍ണലിസ്റ്റുകളുടെ തെരഞ്ഞെടുത്ത ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. എന്‍ഡോസള്‍ഫാന്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ബാബറി മസ്ജിദ്, ഗുജറാത്ത്, ഗൗരി ലങ്കേഷ് തുടങ്ങിയ വിഷയങ്ങളിലുള്ള വാര്‍ത്താ ചിത്രങ്ങള്‍ മേളയിലുണ്ടാവുമെന്നും മീഡിയ അക്കാദമി ചെയര്‍മാന്‍ പറഞ്ഞു. 

ഫെസ്റ്റിവല്‍ സംഘാടക സമിതി രക്ഷാധികാരി ബി. ജയചന്ദ്രന്‍, മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, ഡയറക്ടര്‍ എം. ശങ്കര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.  

പി.എന്‍.എക്‌സ്.814/18

date