Skip to main content

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും കുടിവെള്ള  പദ്ധതികളുടെ സമഗ്രവിവരശേഖരണം നടത്തും

2024 നകം രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് ലൈന്‍ വഴി കുടിവെള്ളം എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷന്റെ  ഭാഗമായുള്ള ജില്ല ജല ശുചിത്വമിഷന്‍ രൂപീകരിച്ചു.ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികളുടെ സമഗ്ര വിവരശേഖരണം നടത്തുന്നതിന് സമിതിയുടെ പ്രഥമ യോഗം തീരുമാനിച്ചു.  മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ  ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. പൂര്‍ത്തിയായതും ഉപേക്ഷിച്ചതും ഉള്‍പ്പെടെയുള്ള  എല്ലാ കുടിവെള്ള പദ്ധതികളുടെയും വിവരശേഖരണം നടത്തുന്നതിന് ബ്ലോക്ക് തലത്തില്‍ ചെറുകിട ജലസേചന വിഭാഗം,  മേജര്‍ ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരെ  ചുമതലപ്പെടുത്തി. വിവരശേഖരണം പഞ്ചായത്ത് ഭരണ സമിതിയുമായി ചര്‍ച്ചചെയ്യുന്നതിനും നിര്‍ദേശിച്ചു. മുടങ്ങി പോയ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുന്നതിനാണ് നടപ്പ് വര്‍ഷം മുന്‍ഗണന നല്‍കേണ്ടതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത വാര്‍ഷിക പ്രൊജക്ടുകളില്‍ ഉള്‍പ്പെടുന്ന പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തും. 

 

45 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും 10 ശതമാനം ഗുണഭോക്തൃ വിഹിതവും ഉള്‍പ്പെടുന്നതാണ് ജലജീവന്‍ മിഷന്‍ പ്രൊജക്ട്. യോഗത്തില്‍  മിഷന്‍  കണ്‍വീനറായ കേരളജല അതോറിറ്റി  എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ സുദീപ് പദ്ധതി വിശദീകരിച്ചു. എ ഡി എം എന്‍ ദേവീദാസ് സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ അംഗങ്ങളായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍,  ഡി ഡി ഇ കെ വി പുഷ്പ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രന്‍ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രമീള റിട്ട.കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.വി.ഗോപിനാഥന്‍, ജലനിധി പ്രതിനിധി ഗീതാകുമാരി ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്. കെ.രമേശന്‍ ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഒരതീഷ,് ഡി എം ഒ യുടെ പ്രതിനിധി ഡോ.ഗീതാ ഗുരുദാസ് , എം.ഷമീമ തുടങ്ങിയവര്‍ പങ്കെടുത്തു

 

date