Skip to main content

മാലിന്യ സംസ്‌ക്കരണത്തില്‍ 'ഒരു താനൂര്‍ മാതൃക'

 

സൗജന്യമായി മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ വിതരണം ചെയ്തു

  
 ജില്ലയില്‍ ആദ്യമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ സൗജന്യമായി വിതരണം ചെയ്ത് മാതൃകയാവുകയാണ് താനൂര്‍ നഗരസഭ. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ 700 റിങ്് കമ്പോസ്റ്റുകളാണ് തെരഞ്ഞെടുത്ത വീടുകളില്‍  സ്ഥാപിച്ചത്. 2,500 രൂപ യൂനിറ്റ് നിരക്കുള്ള കമ്പോസ്റ്റിങ്  ഉപാധിക്ക് 250 രൂപയാണ് ഗുണഭോക്തൃ വിഹിതമായി നല്‍കേണ്ടിയിരുന്നത്. ഓരോ ഘട്ടമായി എല്ലാ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് താനൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍  മുഹമ്മദ് അഷ്‌റഫ് അറിയിച്ചു.
    
 നഗരസഭാ പരിധിയിലെ പൊലീസ് സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രി സബ് സെന്റര്‍, ചീരാം കടപ്പുറം യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലായി പൊതു ശൗചാലയത്തിന്റെയും പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ 5,000 റിങ് കമ്പോസ്റ്റുകള്‍ക്കും പ്രളയത്തില്‍ തകര്‍ന്ന 100 വ്യക്തിഗത ശൗചാലയങ്ങളുടെ പുനരുദ്ധാരണത്തിനും വിദ്യാലയങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍, നാപ്കിന്‍ ഡിസ്‌ട്രോയര്‍  എന്നിവ സ്ഥാപിക്കുന്നതിനും പൊതു ജൈവമാലിന്യ സംസ്‌കരണത്തിനും പ്ലാസ്റ്റിക് ശേഖരണത്തിന് കെട്ടിടം നിര്‍മിക്കുന്നതിനും നഗരസഭ  ഈ വര്‍ഷം പണം നീക്കിവച്ചിട്ടുണ്ട്. ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനവും നഗരസഭ ത്വരിതപ്പെടുത്തും. നിലവില്‍  31 വാര്‍ഡുകളിലായി 50 പേരടങ്ങുന്ന ഹരിത കര്‍മസേനയാണ് നഗരസഭയിലെ മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 412 വ്യക്തിഗത ശൗചാലയങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സമയത്തിന് നല്‍കിയും അനുബന്ധ രേഖകള്‍ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തും  താനൂര്‍ മുന്‍പും മാതൃകയായിരുന്നു.
 
ആദ്യമായാണ് 1000 രൂപ മുതല്‍ മുടക്കുള്ള  പദ്ധതിയില്‍ 583 രൂപ കേന്ദ്ര, സംസ്ഥാന വിഹിതമായി ലഭിക്കുന്നത്. 2021 മാര്‍ച്ച് 31ന് അവസാനിക്കുന്ന പദ്ധതി  ജില്ലയിലെ മുഴുവന്‍ നഗരസഭകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഇ.ടി. രാകേഷ് അറിയിച്ചു.  2,16,81,719 രൂപയുടെ പദ്ധതികള്‍ക്കാണ് നിലവില്‍ ശുചിത്വ മിഷന്‍ അംഗീകാരമുള്ളത്. ഇതില്‍ 47,40,166 രൂപ തുകയായി തന്നെ ശുചിത്വ മിഷന്‍ അഡ്വാന്‍സും നല്‍കിയിട്ടുണ്ട്.
 

date