Skip to main content

വനം -വന്യജീവി സംരക്ഷണത്തിനൊപ്പം കര്‍ഷകരെയും സംരക്ഷിക്കും: മന്ത്രി അഡ്വ.കെ രാജു

 

ജില്ലയിലെ നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

    
വനം-വന്യജീവി സംരക്ഷണത്തിനൊപ്പം കര്‍ഷകരുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന്  മന്ത്രി അഡ്വ.കെ രാജു. ഇതിനായി കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എടവണ്ണ/നിലമ്പൂര്‍ റെയ്ഞ്ചുകളിലുള്ള ചക്കിക്കുഴി, വാണിയമ്പുഴ, കാഞ്ഞിരപ്പുഴ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെയും എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തിന്റെയും സംയുക്ത ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.പി അനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പി.വി അബ്ദുല്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
     
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ എണ്ണം പെരുകുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും  ഇതിനായി പഞ്ചായത്ത് ജനജാഗ്രതാസമിതികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിന്റെ ഭാഗമായാണ് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള നാല് മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
   
എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ തേക്ക് തോട്ടങ്ങളും സ്വാഭാവിക വനങ്ങളും ഉള്‍പ്പെടെ 4294.3439 ഹെക്ടര്‍ വനമാണുള്ളത്. 2018-19 വര്‍ഷത്തിലാണ് എടക്കോട് ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്സിന്റെ കെട്ടിടനിര്‍മാണം ആരംഭിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍ കം ബാരക്ക്, ഗസ്റ്റ് റൂം, തൊണ്ടി റൂം, റോഡ് കോണ്‍ക്രീറ്റിങ്, പുഴയിലേക്കുള്ള പടവുകള്‍ എന്നിവ ഉള്‍പ്പെടെ 81.31 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.
   കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആകെ 11,129.706 ഹെക്ടര്‍ വനമാണുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് ഫോറസ്റ്റ് സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. സ്റ്റേഷന്‍ ബില്‍ഡിങ്, തൊണ്ടി റൂം, ഡോര്‍മിറ്ററി എന്നിവ ഉള്‍പ്പെടെ 84,73,755 രൂപയാണ് നിര്‍മാണ ചെലവ്.
  നിലമ്പൂര്‍ താലൂക്കിലെ പോത്തുകല്ല് വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നത്. 2017-18 വര്‍ഷത്തില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്സ് കെട്ടിട നിര്‍മാണം ആരംഭിച്ചുവെങ്കിലും 2019ലെ പ്രളയത്തില്‍ നിര്‍മാണ പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. സ്റ്റേഷന്‍ ബില്‍ഡിങ്, തൊണ്ടി റൂം, ഡോര്‍മിറ്ററി എന്നിവ ഉള്‍പ്പെടെ 83,92,243 രൂപയാണ് നിര്‍മാണ ചെലവ്.
   
ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ തേക്ക് തോട്ടങ്ങളും സ്വാഭാവിക വനങ്ങളും ഉള്‍പ്പെടെ 3583.15 ഹെക്ടര്‍ വനമാണുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഫോറസ്റ്റ് സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. സ്റ്റേഷന്‍ ബില്‍ഡിങ്, തൊണ്ടി റൂം, ഡോര്‍മിറ്ററി എന്നിവ ഉള്‍പ്പെടെ 3743.79 സ്‌ക്വയര്‍ ഫീറ്റ് ഏരിയയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് 87,47,886 രൂപയാണ് നിര്‍മാണ ചെലവ്.

   മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന കാഞ്ഞിരാല,  വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) സുരേന്ദ്രകുമാര്‍, പാലക്കാട്  ഈസ്റ്റേണ്‍  സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, പാലക്കാട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്(വൈല്‍ഡ് ലൈഫ്) കെ.വിജയാനന്ദന്‍,  നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വര്‍ക്കഡ് യോഗേഷ് നീലകണ്ഠ,് സൗത്ത് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date