Skip to main content

ശുചിത്വ പദവി പ്രഖ്യാപനം: ബേപ്പൂർ മണ്ഡലത്തിൽ എംഎൽഎ  യോഗം വിളിച്ചു ചേർത്തു

 

 

സംസ്ഥാന സർക്കാരിൻ്റെ 12 ഇന കർമ്മ പരിപാടികളിൽ പ്രധാനപ്പെട്ട   നഗരസഭകളുടെയും ശുചിത്വ പദവി പ്രഖ്യാപനം പദ്ധതിയോട് അനുബന്ധിച്ച് ബേപ്പൂർ നിയോജക മണ്ഡലം എം.എൽ.എ. വി.കെ.സി.മമ്മദ് കോയ  മണ്ഡലത്തിൽ യോഗം വിളിച്ചു ചേർത്തു.   രാമനാട്ടുകര, ഫറോക്ക് നഗരസഭകളുടേയും കടലുണ്ടി ഗ്രാമപഞ്ചായത്തിൻ്റെയും ശുചിത്വ മാലിന്യ സംസ്ക്കരണ ഉപമിഷൻ സംബന്ധിച്ച നിലവിലെ അവസ്ഥ പരിശോധിക്കാനാണ് യോഗം ചേർന്നത്.  എം.എൽ.എ.ഓഫീസിൽ  സമൂഹ്യ അകലം പാലിച്ച് ചേർന്ന യോഗത്തിൽ  മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിലവിലെ അവസ്ഥ ചർച്ച ചെയ്യുകയും മാറ്റം വരുത്തേണ്ടവയും പുരോഗതി കൈവരിക്കേണ്ടവയുമായ മേഖലകൾ കണ്ടെത്തുകയും ചെയ്തു.  2020 ആഗസ്റ്റ് 15 നാണ്  ശുചിത്വ പദവി പ്രഖ്യാപനം.

പ്രവർത്തനങ്ങൾ കൃത്യമായ അവലോകനം സമയബന്ധിതമായി നടത്തി എം.എൽ.എ.യ്ക്ക് റിപ്പോർട്ട് നൽകാൻ ഹരിത കേരളം മിഷനെ ചുമതലപ്പെടുത്തി.ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്  പദ്ധതി വിശദീകരിച്ചു.   മണലിൽ മോഹനൻ,  ബാബു പറമ്പത്ത് എന്നിവർ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ  വിശദീകരിച്ചു. ശുചിത്വമിഷൻ പ്രൊജക്ടുകൾ സംബന്ധിച്ച സംശയങ്ങൾക്ക് ശുചിത്വമിഷൻ ടെക്നിക്കൽ കൺസൾട്ടൻ്റ്  സി.കെ.രശ്മി മറുപടി പറഞ്ഞു. രാമനാട്ടുകര മുൻസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, ഫറോക്ക് മുൻസിപ്പൽ ചെയർപേഴ്സൺ കമറു ലൈല, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയകുമാർ ,ആരോഗ്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, കുടുംബശ്രീ ചെയർപേഴ്സൺമാർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ പി.പ്രിയ, കെ.ഷിബിൻ ഹരിതകർമ്മ സേന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date