Skip to main content

നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസമായി   നടുവണ്ണൂരിന്റെ 'ക്വാറന്റൈൻ ഡേയ്‌സ്'* മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കമെന്ന് കലക്ടർ

 

അടച്ചിട്ട മുറിയിൽ ഒറ്റക്കിരിക്കുമ്പോൾ ഒരാൾ  അനുഭവിക്കുന്ന ഒറ്റപ്പെടൽ  ഭയാനകമാണ്. മറ്റൊന്നും ചെയ്യാനില്ലാതെ ഭ്രാന്തിലേക്ക് വരെ വഴുതിവീഴാൻ സാധ്യതയുള്ള സാഹചര്യം. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിയുടെ വാക്കുകളാണിവ. കോവിഡ് കാലത്ത് ഇങ്ങനെ ദുരവസ്ഥയിൽ കഴിയുന്നവർക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി  ആശ്വാസം പകരുകയാണ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്. നടുവണ്ണൂർ പഞ്ചായത്തിന്റെ ഈ മാതൃകാപരമായ ഇടപെടൽമറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് കലക്ടർ എസ്. സാംബശിവ റാവു പറഞ്ഞു.

ശാരീരികമായി ഒറ്റപ്പെട്ടും മാനസികമായി പിരിമുറുക്കം അനുഭവിച്ചും നിരീക്ഷണ കാലയളവ് പൂർത്തീകരിക്കാൻ കാത്തിരിക്കുന്നവർക്ക് ചിരിക്കാനും ചിന്തിക്കാനും മാനസിക ആരോഗ്യം വീണ്ടെടുക്കാനും ഉതകുന്ന വിധത്തിലാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. വിവിധ മേഖലകളിൽ പ്രശസ്തരായവർക്കൊപ്പം സംവദിക്കാനും  അവസരമൊരുക്കുകയാണ് ക്വാറന്റൈൻ ഡെയ്സ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ്. നിരീക്ഷണത്തിലിരിക്കുന്നവരുടെ മാനസിക സംഘർഷം ഭരണസമിതി അംഗങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിജു. എൽ. എൻ ആണ് വാട്സ്അപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിടയും ഭരണസമിതി അംഗങ്ങളും പൂർണ പിന്തുണയുമായി ഗ്രൂപ്പിലുണ്ട്. ഹയർസെക്കൻഡറി അധ്യാപകനായ എൻ.കെ സലീമാണ് വൈകുന്നേരങ്ങളിലെ '' കൂടെയുണ്ട് ഞാനും " എന്ന കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ കോ-ഓഡിനേറ്റർ.

ഒരാഴ്ച മുൻപ് ആരംഭിച്ച ഗ്രൂപ്പിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ്, ഷാഹിന, ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യുട്ടിലെ നഴ്സിംഗ് ഓഫീസറും കോവിഡ് മുക്തനുമായ എസ്. ലെനീഷ്, നടുവണ്ണൂരിലെ ജനകീയ ഡോക്ടർ ശങ്കരൻ നമ്പൂതിരി, മണിപ്പാൽ മെഡിക്കൽ കോളേജിലെ എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി ട്രെയിനി അശ്വതി സമ്പത്ത്,ചലച്ചിത്ര നടനും മാധ്യമപ്രവർത്തകനുമായ കെ.കെ മൊയ്തീൻ കോയ, വയനാട് ജില്ലാ സാമൂഹിക നീതി വകുപ്പിലെ പ്രെബേഷൻ ഓഫീസർ അഷറഫ് കാവിൽ തുടങ്ങിയവർ ഇതിനോടകം സംവാദം നടത്തി. ഗ്രൂപ്പിലെ അംഗങ്ങളും ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പാട്ട് പാടാനും കഥ പറയാനുമെല്ലാം ഗ്രൂപ്പിൽ അവസരമുണ്ട്.  

ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പ്രവാസി കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവരും വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്കൊപ്പം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പറയാനുള്ളത് കേൾക്കാൻ പഞ്ചായത്ത് അധികൃതർ ദിവസേന ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്.

 

date