Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 03-07-2020

 

അധ്യാപക അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു

2019 ലെ ദേശീയ അധ്യാപക അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡഡ് എന്നീ സ്‌കൂളുകളിലെ അധ്യാപകര്‍, പ്രധാനാധ്യാപകര്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് എം എച്ച് ആര്‍ ഡി യുടെ www.mhrd.gov.in എന്ന വെബ്‌സൈറ്റിലെ  http://nationalawardstoteachers എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷനുകള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ്.  അവസാന തീയതി ജൂലൈ ആറ്.

എച്ച് ഡി സി എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പറശ്ശിനിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് നടത്തുന്ന ഒരുവര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  2020 ജനുവരി ഒന്നിന് 40 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദ വിവരങ്ങള്‍ www.icmkannur.org ല്‍ ലഭ്യമാണ്. അവസാന തീയതി ജൂലൈ 30.  ഫോണ്‍: 0497 2784002/2784044/2784088.

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

തളിപ്പറമ്പ് താലൂക്കിലെ ചുഴലി ഭഗവതി ക്ഷേത്രം, നെല്ലിയോട്ട് ഭഗവതി ക്ഷേത്രം,  പയ്യന്നൂര്‍ താലൂക്കിലെ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രം, വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണമതിലകം ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ് (www.malabardevaswom.kerala.gov.in), നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്,  തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ചുഴലി ഭഗവതി ക്ഷേത്രത്തിലേത് ജൂലൈ 24 ന് വൈകിട്ട് അഞ്ച് മണിക്കകവും നെല്ലിയോട്ട് ഭഗവതി ക്ഷേത്രം, നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രം, വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണമതിലകം ക്ഷേത്രം എന്നിവിടങ്ങളിലേത് ജൂലൈ 30 ന് വൈകിട്ട് അഞ്ച് മണിക്കകവും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

പോളിടെക്‌നിക്കില്‍ ഗസ്റ്റ് ലക്ചറര്‍

കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2020-21 അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ ആറിനകം gpckannur@gmail.com ലേക്ക് ഇ മെയില്‍ ചെയ്യേണ്ടതാണ്. യോഗ്യരായവരില്‍ നിന്നും പാനല്‍ തയ്യാറാക്കുന്നതിനായുള്ള എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും കണ്ണൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ നടത്തും. 
തസ്തിക, യോഗ്യത, കൂടിക്കാഴ്ചയുടെ തീയതി എന്ന ക്രമത്തില്‍.  സിവില്‍ എഞ്ചിനീയറിങ് - സിവില്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ 14 ന് 10 മണി.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്-വുഡ് ആന്റ് പേപ്പര്‍ ടെക്‌നോളജി - മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ എട്ടിന് 10 മണി. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് - ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ ഒമ്പത്  10 മണി.ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് - ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ 10 ന് 10 മണി. ടെക്‌സ്റ്റൈല്‍ ടെക്‌നോളജി - ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയില്‍ ഫസ്റ്റ് ക്ലാസോടുകൂടിയ ബി ടെക്/ബി ഇ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത - ജൂലൈ 13 ന് രാവിലെ 10 മണി.  കൂടുതല്‍ വിവരങ്ങള്‍ gptckannur.ac.in ല്‍ ലഭിക്കും.

മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷന്‍ കൈപ്പറ്റുന്ന ഇനിയും മസ്റ്ററിങ്ങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം.  മസ്റ്ററിങ്ങ് പരാജയപ്പെടുന്നവര്‍ ജൂലൈ 16 മുതല്‍ 22 വരെ ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

ലാബ്‌ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ് നഴ്‌സ് ഒഴിവ്

കണ്ണൂര്‍ ഗവ.വൃദ്ധ സദനത്തില്‍ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ ലാബ് ടെക്‌നീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. ലാബ് ടെക്‌നീഷ്യന്  ഡി എം ഇ അംഗീകാരമുള്ള ഡി എം എല്‍ ടി അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടി യും ഫിസിയോതെറാപ്പിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദവും സ്റ്റാഫ് നഴ്‌സിന് അംഗീകൃത നഴ്‌സിംഗ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്‌സ് പാസുമാണ് ആവശ്യമായ യോഗ്യത. മുന്‍പരിചയമുള്ളവര്‍ക്കും ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന.  യോഗ്യരായവര്‍ ജൂലൈ ആറിന് രാവിലെ ഒമ്പത് മണിക്ക് ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍ ഹാജരാകണം.  ഫോണ്‍: 9447750003, 0497 2771300

date