Skip to main content

കോവിഡ് പ്രതിരോധം- വ്യാപാര സ്ഥാപനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നു

ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പെരുമാറ്റച്ചട്ടം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കാതെ കൂടിനില്‍ക്കുന്നത് ശക്തമായി തടയും. സാനിറ്റൈസര്‍, മാസ്‌ക്ക് എന്നിവയുടെ ഉപയോഗം കര്‍ശനമാക്കും. ഇടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പില്‍വരുത്തും. ഒരു സ്ഥാപനത്തില്‍ ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. പ്രവേശന കവാടത്തില്‍ സൈനിറ്റൈസര്‍, സോപ്പോ, ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ടോ എന്നും പരിശോധിക്കണം.  
നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തുടരുന്ന മാര്‍ക്കറ്റുകള്‍, ടൗണുകള്‍, വ്യാപാര സമുച്ചയങ്ങള്‍ തുടങ്ങിയ പൂര്‍ണമായും അടച്ചിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായിക്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഴു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കോളയാട്-14, മയ്യില്‍-11, പെരളശ്ശേരി-6, പാനൂര്‍- 33, പിണറായി-9, മുഴപ്പിലങ്ങാട്-2, പെരിങ്ങോം വയക്കര- 12 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്

date