Skip to main content

പിണറായി ആയുര്‍വേദാശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു; പ്രവൃത്തി ഉദ്ഘാടനം ഒന്‍പതിന് മുഖ്യമന്ത്രി നിര്‍വഹിക്കും 

കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പിണറായി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കെട്ടിടത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ജൂലൈ ഒന്‍പതിന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികള്‍ നടക്കുന്നത്.  
30 പേര്‍ക്കുള്ള കിടത്തി ചികിത്സാ സൗകര്യം, പഞ്ചകര്‍മ്മ ചികിത്സ, ലാബ് സൗകര്യം, തെറാപ്പി സൗകര്യം, യോഗ ഹാള്‍, മരുന്ന് തയ്യാറാക്കുന്ന മുറി, ഫാര്‍മസി തുടങ്ങിയവ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിലുണ്ടാകും. ആയുഷ് വകുപ്പിന്റെ 2019- 20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് കെട്ടിട നിര്‍മ്മാണം. സംരക്ഷണ ഭിത്തി, ചുറ്റുമതില്‍ നിര്‍മ്മാണം, റാംമ്പ് സൗകര്യം, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കായി 2.25 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ട്.
നിലവില്‍ പിണറായി ആയുര്‍വേദാശുപത്രിയില്‍ ഒ പി സൗകര്യം മാത്രമാണുള്ളത്. പുതിയ ആശുപത്രി കെട്ടിടം ഒരുങ്ങുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയായി ഇത് മാറും. എരുവട്ടി പന്തക്കപ്പാറ ശ്രീനാരായണ വായനശാലയില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നടക്കുക. ചടങ്ങില്‍ മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

date