Skip to main content

കുന്നംകുളം നഗരം കടുത്ത നിയന്ത്രണത്തിൽ; ഒരാഴ്ച കർശന ജാഗ്രതാ നിർദ്ദേശം

ഉറവിടം അറിയാത്ത കോവിഡ് ബാധ 2 പേർക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണാക്കിയ കുന്നംകുളം നഗരസഭയിലെ 8 വാർഡുകളിൽ കടുത്ത നിയന്ത്രണം. രോഗവ്യാപന സാധ്യത തടയുന്നതിനായി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ചില സോണുകളിൽ കൂട്ടം കൂടി നിന്നവരെ പോലീസ് പിരിച്ച് വിട്ടു. അവശ്യ സർവീസുകൾ പോലീസ് നിയന്ത്രണത്തിലാണ് നടന്നത്.
സംസ്ഥാന പാതയൊഴികെ എല്ലാ റോഡുകളും അടച്ചിട്ട് കർശന നിയന്ത്രണമാണ് നടപ്പിലാക്കിയിട്ടുള്ളത്. എ സി പി ടി.എസ് സിനോജ്, സി ഐ കെ.ജി. സുരേഷ്, എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തിൽ എല്ലായിടത്തും കർശന പരിശോധന നടത്തി. കണ്ടെയ്ൻമെൻറ് നിയന്ത്രണങ്ങൾ ലംഘിച്ച് നഗരത്തിൽ പ്രവേശിച്ച ബസുൾപ്പെടെയുള്ള ഒട്ടേറെ വാഹനങ്ങൾക്ക് പോലീസ് പിഴ ചുമത്തി വിട്ടു. നഗരത്തിലൂടെ സംസ്ഥാന സർവീസുകൾ മാത്രമാണ് ഉണ്ടായത്. ചരക്കു വാഹനങ്ങളെ പരിശോധിച്ചതിനു ശേഷമാണ് കടത്തിവിട്ടത്.
നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാർഡുകളാണ് കണ്ടെയ്ൻമെൻറ് സോണിലുള്ളത്. കോവിഡ് സ്ഥിരീകരണത്തെ തുടർന്ന് ആരോഗ്യ വിഭാഗം നഗരസഭ ഓഫീസ് അണുവിമുക്തമാക്കി. നഗരസഭയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സുഭിക്ഷ കാൻറീൻ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം തന്നെ അടച്ചിട്ടിരുന്നു. ഇത് തിങ്കളാഴ്ച വരെ തുറക്കില്ല. തിങ്കളാഴ്ച (ജൂലായ് 6) നടക്കേണ്ട നഗരസഭ കൗൺസിൽ യോഗവും നടത്തിയില്ല. ഇതോടെ രണ്ടാഴ്ചയ്ക്കിടെ മൂന്ന് കൗൺസിൽ യോഗങ്ങളാണ് മാറ്റിയത്.

date