Skip to main content

ആദിവാസി ഊരുകളിലെ ജനങ്ങളെയും സുഭിക്ഷ കേരളത്തിന്റെ  പങ്കാളികളാക്കണം - ജില്ലാ കലക്ടര്‍

സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസി ഊരുകളിലെ ജനങ്ങളെയും സുഭിക്ഷ കേരളം പദ്ധതിയുടെ  പങ്കാളികളാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന  സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം.
ചെറിയ സ്ഥലപരിമിതിയിലും കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം. നാലുമാസത്തിനുള്ളില്‍ പദ്ധതിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ എല്ലാ വകുപ്പുകളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നെല്‍കൃഷിക്കായി മാത്രം 1817.538 ഹെക്ടര്‍ തരിശുഭൂമിയാണുള്ളത്. ഇതില്‍ 1449.42 ഹെക്ടര്‍ ഒന്നാംവിള നെല്‍കൃഷി ആരംഭിച്ചു. ശൂരനാട് വടക്ക് പഞ്ചായത്താണ് നെല്‍കൃഷിയില്‍ മുന്നിലുള്ളത്. പച്ചക്കറി കൃഷിക്ക് ആവശ്യമായ വിത്തിനങ്ങള്‍ കൃഷി വകുപ്പ് വഴി വിതരണം നടത്തിവരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിത്തൊഴുത്തുകള്‍, കോഴിക്കൂട്, മത്സ്യകൃഷിക്ക് ആവശ്യമായ കുളങ്ങള്‍ എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും  യോഗത്തില്‍ വിലയിരുത്തി. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 41 സഹകരണ സംഘങ്ങള്‍ വഴി 89 ഏക്കറില്‍ കൃഷി ആരംഭിച്ചു.
പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വി ജയ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി കെ  സയൂജ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജി സന്തോഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1799/2020)
 

date