Skip to main content

കോവിഡ് 19; ജില്ലയില്‍ ജാഗ്രത ശക്തമാക്കി

ജില്ലയില്‍ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് വിവിധ ദുരന്തപ്രതിരോധ പ്രതികരണ നടപടികള്‍ സ്വീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് വ്യാപന സാധ്യത തടയുന്നതിനായി കണ്ടയിന്റ്‌മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യതയുള്ളതിനാല്‍ കണ്ടയിന്റ്‌മെന്റ് സോണിന് പുറത്തുളള പ്രദേശങ്ങളിലും അതീവ ജാഗ്രത സ്വീകരിക്കണം.
ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളെ നിരീക്ഷിക്കാനായി രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.  നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ജില്ലയിലെ കലക്‌ട്രേറ്റ് ഉള്‍പ്പെടുന്ന പ്രധാന ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.  ജില്ലാ കലക്‌ട്രേറ്റ് ഉള്‍പ്പെടെയുളള ഓഫീസുകളില്‍ നേരിട്ട് പരാതി സമര്‍പ്പിക്കുന്നതിന് പകരം ഇ-മെയില്‍ വഴി പരാതികള്‍ സമര്‍പ്പിക്കാം.  അടിയന്തരഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തേണ്ടവര്‍ ഫോണ്‍ മുഖേന അനുമതി വാങ്ങണം.  പരാതി സമര്‍പ്പിക്കേണ്ട ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ പരസ്യപ്പെടുത്തും.  ഇ-മെയില്‍ വഴിയും ഫോണ്‍ മുഖേനയും ലഭിക്കുന്ന പരാതികളില്‍ കൃത്യമായി നടപടി ഉണ്ടാകുന്നുവെന്ന് ഉറപ്പ് വരുത്തുവാന്‍ ഓരോ സ്ഥാപന മേധാവിമാരും പ്രത്യേക രജിസ്റ്റര്‍ സൂക്ഷിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തണം.
സ്വകാര്യ ആശുപത്രികളില്‍ ഒ പി വിഭാഗത്തില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ മുന്‍കൂട്ടി ആശുപത്രി അധികൃതരുടെ അനുമതി വാങ്ങിയിരിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസറെ ഇതിനായി നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.  റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.  
കണ്ടയിന്റ്‌മെന്റ് സോണുകളില്‍ മരുന്ന്, ഭക്ഷണം, ഭക്ഷ്യസാമഗ്രികള്‍, ഇന്ധനം തുടങ്ങിയ അവശ്യ സേവനങ്ങള്‍ നല്‍കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുളളൂ. തദ്ദേശസ്വയംഭരണ സ്ഥാപനാധികൃതര്‍ വോളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.
കണ്ടയിന്റ്‌മെന്റ് സോണുകളിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും  ബാങ്കുകളും ജീവനക്കാരെ പരിമിതപ്പെടുത്തണം.  റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, വനം, ഗതാഗതം എന്നീ വകുപ്പുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.  
കണ്ടയിന്റ്‌മെന്റ് സോണ്‍ കടന്ന് പോകേണ്ട പൊതുഗതാഗത സംവിധാനത്തിലുളള വാഹനങ്ങള്‍ക്ക് കണ്ടയിന്റ്‌മെന്റ് സോണുകളില്‍ നിര്‍ത്താതെ കടന്ന് പോകാന്‍ അനുമതി നല്‍കും.  എന്നാല്‍ അവ   കണ്ടയിന്റ്‌മെന്റ് സോണുകളില്‍ ആളുകളെ കയറ്റുവാനും ഇറക്കുവാനും പാടില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും മറ്റ് അവശ്യ സര്‍വ്വീസിലുളളവരേയും അവരുടെ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളേയും തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ കണ്ടയിന്റ്‌മെന്റ് സോണുകളിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കും.   സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലും മറ്റ് അവശ്യസര്‍വ്വീസിലുളളവരെ അതത് സ്ഥാപന മേധാവിമാര്‍ നല്‍കിയിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെയോ  പോലീസിന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും കടത്തി വിടും.  
മത്സ്യലേല  ഹാളുകളില്‍ തിരക്ക്  നിയന്ത്രണാതീതമായി ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജില്ലാ ദുരന്ത നിവാരണ  അതോറിറ്റിയില്‍ അറിയിക്കണം.  
പൊതു മാര്‍ക്കറ്റുകളിലും മറ്റും തിരക്ക്  വന്നാല്‍ പ്രവര്‍ത്തനം  ബന്ധപ്പെട്ട  തദ്ദേശ  സ്വയംഭരണ  സ്ഥാപന  സെക്രട്ടറിമാര്‍  നിറുത്തി വയ്ക്കാന്‍   നടപടി എടുക്കണം.
(പി.ആര്‍.കെ നമ്പര്‍ 1803/2020)
 

date