Skip to main content

പ്രളയപുനരധിവാസം : കോളനികള്‍ക്ക് ഫണ്ട് അനുവദിച്ചു

 

 

കഴിഞ്ഞ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട അടുപ്പില്‍ കോളനി, വെണ്ടേക്കുംപൊയില്‍ ഉള്‍പ്പെടെയുള്ള കോളനികളിലെ 167 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള ഫണ്ട് അനുവദിച്ചതായി കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ മേഖലകളായ അടുപ്പില്‍ കോളനി, തണ്ടകം പൊയില്‍ കോളനിയില്‍പ്പെട്ടവര്‍ക്ക് വീട് വയ്ക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിനുവേണ്ടി കമ്മിറ്റി രൂപീകരിച്ച് നടപടി സ്വീകരിച്ചതായും  ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഓരോ കുടുംബത്തിനും സ്ഥലം വാങ്ങി വീട് വെക്കുന്നതിന് 10 ലക്ഷം രൂപ വീതം നല്‍കുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ 180ല്‍പരം ആളുകള്‍ താമസിക്കുന്ന ചേര്‍ത്തലാട് വനംഭൂമി കോളനിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടെന്നും എസ്.സി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ഈ കോളനികള്‍ മാതൃകാ കോളനികളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു.

പന്നിയങ്കര ചക്കുംക്കടവ് ആനമങ്ങാട് താഴെ കോളനിയിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും    സ്ഥലത്തിനടുത്തുള്ള കോതി പാലം അപ്രോച്ച് റോഡിന്റെ അലൈന്‍മെന്റ് സംബന്ധിച്ച തീരുമാനം പൊതുമരാമത്ത് വകുപ്പില്‍നിന്നും ഉടന്‍ ലഭ്യമാക്കണമെന്നും വി.കെ.സി മമ്മദ് കോയ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

 പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം രണ്ടാംഘട്ട പ്രവൃത്തിക്ക് സാങ്കേതിക സഹായം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ പറഞ്ഞു.

കാപ്പാട് കണ്ണങ്കടവില്‍ കടലാക്രമണം കാരണം നിരവധി വീടുകളില്‍ വെള്ളം കയറി മണ്ണടിഞ്ഞതൊഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

പ്രളയത്തെ തുടര്‍ന്ന് നദികളിലടിഞ്ഞ പാറയും മറ്റ് അവിശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 20 അടിയന്തര പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായി 3,91,93000 രൂപ അനുവദിച്ചതായി ഡിസാസ്റ്റര്‍ മാനേജ്മന്റ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. 20 പ്രവര്‍ത്തികളില്‍ എട്ട് പ്രവര്‍ത്തികള്‍ യു.എല്‍.സി.സി ഏറ്റെടുക്കുകയും 12 പ്രവര്‍ത്തികള്‍ക്ക് ഷോര്‍ട്ട് ടെണ്ടര്‍ ചെയ്യുകയും ചെയ്തു.

ഹരിതകേരള മിഷനും തദ്ദേശഭരണസ്ഥാപനങ്ങളും ജനകീയ പങ്കാളിതത്തോടെ നടത്തിയ 'ഇനി ഞാന്‍ ഒഴികട്ടെ' നീര്‍ച്ചാല്‍ പുനരുജ്ജീവന ക്യാമ്പയിനില്‍ 98 നീര്‍ച്ചാലുകള്‍ ശുദ്ധീകരിച്ചതായി ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  'മിഷന്‍ തെളിനീര്‍' പദ്ധതിയിലൂടെ ജില്ലയിലെ 82 തദ്ദേശസ്ഥാപനങ്ങളിലെ 94 കുളങ്ങള്‍ ശുചീകരിച്ച് വീണ്ടെടുത്തതായി അദ്ദേഹം അറിയിച്ചു.

കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടി പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തികരിച്ചതായും കൊളത്തറ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

ബേപ്പൂര്‍ മണ്ഡലത്തിലെ കേളാര്‍കുന്ന് കോളനിയിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ എസ്റ്റിമേറ്റ് പ്രകാരമുളള 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തികരിച്ചതായി നിര്‍മ്മിതി കേന്ദ്രം ജില്ലാ പോജക്ട് മാനേജര്‍ അറിയിച്ചു. ഫുഡ്പാത്ത് കോണ്‍ക്രീറ്റിംഗ്, പമ്പ് ഹൗസ് നിര്‍മ്മാണം, റോഡ് കോണ്‍ക്രീറ്റിംഗ്് എന്നിവ പൂര്‍ത്തീകരിച്ചു. പടികത്താഴം കോളനിയിലെ കുടിവെളള പദ്ധതികളുടെ 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിച്ചു.

യോഗത്തില്‍ എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, കെ.ദാസന്‍, വി.കെ.സി മമ്മദ് കോയ, ജോര്‍ജ്ജ് എം. തോമസ്, പി.ടി.എ റഹിം, ജില്ലാ കലക്ടര്‍ സാംബശിവ റാവു, സബ് കലക്ടര്‍ ജി. പ്രിയങ്ക, അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്, പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത,  എംഎല്‍എമാരുടെയും എംപിമാരുടെയും പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

date