Skip to main content

കോവിഡ് കാലത്ത് കാര്യക്ഷമതയോടെ  ജില്ലാ സിവില്‍ സപ്ലൈ വിഭാഗം വീടില്ലാത്ത 416 കുടുംബങ്ങള്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് 

ആശങ്ക നിറഞ്ഞ കോവിഡ്  കാലത്ത് റേഷന്‍ കാര്‍ഡുകള്‍ക്ക് പ്രധാന്യമേറിയപ്പോള്‍ കാര്‍ഡില്ലാത്തവര്‍ക്കും ആശ്വാസ നടപടികളുമായി ജില്ലാ സിവില്‍ സപ്ലൈസ് വിഭാഗം.

കാര്‍ഡിന് അപേക്ഷിച്ച വീടില്ലാത്ത 416 കുടുംബങ്ങള്‍ക്കും കാര്‍ഡിന് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ വിതരണം ചെയ്തു. എല്ലാ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് താലൂക്ക് സപ്ളൈ ഓഫീസുകള്‍ വഴിയായിരുന്നു വിതരണം. ഇവര്‍ക്കുള്ള  സൗജന്യ അതിജീവന കിറ്റുകള്‍ സപ്ളൈകോ വഴി ജൂണ്‍ മാസത്തില്‍ നല്‍കി.ഇവരുള്‍പ്പെടെ ജില്ലയിലെ റേഷന്‍ കാര്‍ഡ് ഇല്ലാത്ത 1506 കുടുംബങ്ങള്‍ക്ക് 15 കിലോ വീതം സൗജന്യ റേഷന്‍ ആയി 19.5 മെട്രിക് ടണ്‍ അരിയും  വിതരണം നടത്തി. ലോക് ഡൗണില്‍ ഒറ്റപ്പെട്ട  കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍.

ലോക് ഡൗണ്‍ ദിനങ്ങളില്‍ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം ഒറ്റത്തവണയായി നല്കിയും, ജില്ലയില്‍ മാര്‍ച്ച് മാസം നിലവിലുള്ള 313140 റേഷന്‍ കാര്‍ഡ് കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 അവശ്യസാധനങ്ങള്‍ അടങ്ങുന്ന സൗജന്യ കിറ്റ്   റേഷന്‍ കടകള്‍ വഴിയും സപ്ലൈകോയുമായി സഹകരിച്ച് വിതരണം നടത്തിയും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സിവില്‍ സപ്ളൈസ് വിഭാഗം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി .ജില്ലയിലെ 132858 മഞ്ഞ, പിങ്ക്  കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം ഒരു വ്യക്തിക്ക് അഞ്ചു കിലോ അരി എന്ന തോതില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മസങ്ങളിലായി 8733 മെട്രിക് ടണ്‍ സൗജന്യ അരി വിതരണം ചെയതു. കൂടാതെ കാര്‍ഡ് ഒന്നിന് മൂന്ന് കിലോ ചെറുപയര്‍, കടല ഇനത്തില്‍ 385 മെട്രിക് ടണ്‍ ധാന്യവും സൗജന്യമായി വിതരണം ചെയ്തു.

 

കുട്ടി കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍  ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തയ്യാറാക്കുന്ന സൗജന്യ ഭക്ഷ്യ കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങി. തിങ്കളാഴ്ച മുതലാണ് കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങിയത്. 2019-20 വര്‍ഷത്തെ കണക്കു പ്രകാരം ജില്ലയിലെ 577 സ്‌കൂളുകളിലായി  129670 വിദ്യാര്‍ത്ഥികള്‍ക്കായാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്.സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യും. പ്രധാനാധ്യപകര്‍ക്കാണ് സ്‌കൂളുകളിലെ കിറ്റുവിതരണത്തിന്റെ മേല്‍നോട്ട ചുമതല.

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായ അരി, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മഞ്ഞപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ആട്ട, ഉപ്പ് എന്നിവയടങ്ങുന്നതാണ് ഓരോ കിറ്റുകളും. പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് 1.200 കിലോഗ്രാം അരിയും എല്‍ പി ക്ലാസുകളിലെ കുട്ടികള്‍ക്ക് നാല്  കി ഗ്രാം അരിയും യൂപി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് കി.ഗ്രാം അരിയും അടങ്ങുന്നതാണ് കിറ്റുകള്‍.ജില്ലയിലെ രണ്ട് സ്‌െൈപ്ലകോ ഡിപ്പോകള്‍ക്കാണ് കിറ്റുകള്‍ തയ്യാറാക്കി സ്‌കൂളുകളില്‍ എത്തിക്കാനുള്ള ചുമതല. ആദ്യഘട്ടത്തില്‍ പ്രീ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വിതരണം ചെയ്യുക. തുടര്‍ന്ന് എല്‍ പി , യുപി വിഭാഗങ്ങളിലെ കുട്ടികള്‍ രണ്ട് ഘട്ടമായി വിതരണം ചെയ്യും. ഈ വര്‍ഷം സ്‌കൂളില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് കിറ്റുകള്‍ ഉണ്ടായിരിക്കില്ല.

  കിറ്റുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാം സ്‌കൂളിുകളിലും ലഭ്യമാകുന്ന മുറയ്ക്ക്   ഭക്ഷ്യ കിറ്റ്  വിതരണത്തിന്റെ   സംസ്ഥാന തല ഉദ്ഘാടാനത്തോട് അനുബന്ധിച്ച്  വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുമെന്ന്  ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെവി പുഷ്പ പറഞ്ഞു.

 

അതിഥിത്തൊഴിലാളികള്‍ക്കും കരുതല്‍

ജില്ലയിലെ 18868 അതിഥി തൊഴിലാളികള്‍ക്ക് അഞ്ച് അവശ്യസാധനങ്ങള്‍ അടങ്ങുന്ന സൗജന്യ ഭക്ഷ്യ- ധാന്യ കിറ്റ് സപ്ലൈകോ മുഖാന്തരം വിതരണം നടത്തി. അതിഥി തൊഴിലാളികള്‍ക്ക് ഒരാള്‍ക്ക് അഞ്ച് കിലോ തോതില്‍ 93 മെട്രിക് ടണ്‍ അരിയും 9.5 മെട്രിക് ടണ്‍ ആട്ടയും സൗജന്യമായി റവന്യു, തൊഴില്‍ വകുപ്പുമായി സഹകരിച്ച് സപ്ലൈകോ മുഖാന്തരം സൗജന്യമായി വിതരണം നടത്തി.ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ജില്ലയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കായി അനുവദിച്ച 800 മെട്രിക് ടണ്‍ അരിയും 70 മെട്രിക് ടണ്‍ കടലയും തൊഴില്‍, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് വിതരണം നടത്തി വരുന്നു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റേഷന്‍ കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കാനും സപ്ളൈകോ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. റേഷന്‍ കടകളില്‍ സാമൂഹിക അകലം ക്രമീകരിക്കുകയും ആളുകള്‍ കൂട്ടമായി എത്താതിരിക്കാന്‍ ടോക്കണുകളും ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ 390 റേഷന്‍ കടകളിലും ആവശ്യമായ സാനിറ്റൈസര്‍ സൗജന്യമായി ലഭ്യമാക്കി.

 

ജില്ലയിലെ  ഒന്‍പത് സര്‍ക്കാര്‍ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന്  10.62 കോടി രൂപ   കിഫ്ബി ധനസഹായം

 

  ജില്ലയിലെ നാല് നിയോജക മണ്ഡലത്തിലെ  ഒന്‍പത് സര്‍ക്കാര്‍ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന്  10.62 കോടി രൂപ കിഫ്ബി ധനസഹായം അനുവദിച്ചു. ജില്ലയിലെ ഒന്‍പത് സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനതലത്തില്‍ ആകെ 56 സര്‍ക്കാര്‍ സ്‌കൂളുടെ പശ്ചാത്തല സൗകര്യവികസനത്തിനാണ് കിഫ്ബി  ധനസഹായമായി 69.25 കോടി രൂപ അനുവദിച്ചിട്ടുള്ളത്.തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട്  സ്‌കുളുകള്‍ക്കും ഉദുമ നിയോജകമണ്ഡലത്തിലെ അഞ്ച് സ്‌കൂളുകള്‍ക്കും കാസര്‍കോട് ,മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഓരോ സ്‌കൂളുകള്‍ക്ക് വീതമാണ് ധനസഹായം ലഭിക്കുക. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കാടംങ്കോട് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പശ്ചാത്തല സൗകര്യവികസനത്തിന് 14849870 രൂപയും പടന്നകടപ്പുറത്തെ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പശ്ചാത്തല സൗകര്യവികസനത്തിന് 11585495 രൂപയുമാണ് അനുവദിച്ചത്.

 ഉദുമ നിയോജകമണ്ഡലത്തിലെ കീഴൂര്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രെമറി സ്‌കൂളിന് 7872281 രൂപയും കല്ലിങ്കാല്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രെമറി സ്‌കൂളിന് 18765004 രൂപയും അസറഗോള ഗവണ്‍മെന്റ് അപ്പര്‍ പ്രെമറി സ്‌കൂളിന് 6479482 രൂപയും ഉദുമ കീക്കാന്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രെമറി സ്‌കൂളിന് 4389587 രൂപയും പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 8195399 രൂപയും അനുവദിച്ചു.

കാസര്‍കോട് നിയോജക മണ്ഡലത്തിലെ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 16168969 രൂപയും മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മഞ്ചേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 17934343 രൂപയും അനുവദിച്ചിട്ടുണ്ട്.

 

സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യവികസനം:സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഇന്ന്

69.25 കോടി രൂപ കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്തെ 56 സര്‍ക്കാര്‍ സ്‌കൂളുടെ പശ്ചാത്തല സൗകര്യവികസനത്തിന്റെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഇന്ന്(ജൂലൈ 09) വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കും.ഇതില്‍ ജില്ലയിലെ നാല് നിയോജകമണ്ഡലത്തിലെ ഒന്‍പത് വിദ്യാലയങ്ങളും ഉള്‍പ്പെടും.ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി മേഴ്സികുട്ടി അമ്മ അധ്യക്ഷത വഹിക്കും.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,ധനകാര്യ വകുപ്പ് മന്ത്രി  റ്റി എം തോമസ്  ഐസക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥിയായിരിക്കും

 

date