Skip to main content
പിണറായി ആയുര്‍വേദാശുപത്രിക്ക്  നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു.   2 Attachments

എല്ലാ വീടുകളിലും ഔഷധത്തോട്ടം ഉണ്ടാകണം: മുഖ്യമന്ത്രി

ആയുര്‍വേദ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാകുന്നില്ല എന്നുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ആയുര്‍വേദ ആശുപത്രിക്ക് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ആശുപത്രി സാധ്യമാകുന്നതോടെ അതിന്റെ ഭാഗമായി ഒരു സംസ്‌കാരം കൂടി നമ്മില്‍ വളര്‍ന്നുവരേണ്ടതുണ്ട്. കേരളം കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ കുറച്ച് ഔഷധച്ചെടികള്‍ കൂടി വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണം.  പഴയകാലത്ത് അത്യാവശ്യം രോഗങ്ങള്‍ക്ക് വേണ്ട പ്രതിവിധികളൊക്കെ വീട്ടുപറമ്പില്‍ തന്നെ ഉണ്ടായിരുന്നു. ഇന്ന് ആ ചെടിയുമില്ല, അതിനെപ്പറ്റിയുള്ള നാട്ടറിവും നമുക്കില്ല. എല്ലാ വീടുകളിലും ചെറിയ പച്ചക്കറിത്തോട്ടം എന്നത് ആളുകളുടെ പൊതുബോധമായി മാറിയിട്ടുണ്ട്. ഇതിന്റെ കൂടെ ഔഷധച്ചെടികള്‍ കൂടി നട്ടുപിടിപ്പിക്കുന്നത് ആയുര്‍വേദ രംഗത്തിന് വലിയ പിന്തുണയായി മാറും. മാത്രമല്ല ഇത് ഒരു വരുമാന മാര്‍ഗം കൂടിയാക്കി മാറ്റാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ഗവേഷണങ്ങള്‍ ആയുര്‍വേദ മേഖലയില്‍ നടക്കുന്നില്ല. ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നതോടെ ഈ സ്ഥിതി മാറും, ഗവേഷണത്തിന് വലിയ മുന്‍തൂക്കമാണ് സ്ഥാപനം നല്‍കുന്നത്. നല്ല തോതില്‍ വികസന സാധ്യതയുള്ള മേഖലയായി ആയുര്‍വേദം മാറും. കോവിഡിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ ആയുര്‍വേദ വിദഗ്ധരുമായി കോവിഡ് സാഹചര്യം ചര്‍ച്ച നടത്തിയിരുന്നു. നല്ല രീതിയിലുള്ള പ്രതിരോധ ശേഷി വളര്‍ത്തിയെടുക്കാന്‍ ആയുര്‍വേദം ഫലപ്രദമാണ്. കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ആയുര്‍വേദം തന്നെയാണ്. ഈ രംഗത്ത് പുതിയൊരു കരുത്ത് പകരാന്‍ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകുന്നതോടെ സാധിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാല്‍ കൊറോണയെ നല്ല രീതിയില്‍ തടയാന്‍ കഴിയും. അതുകൊണ്ടാണ്് മാസ്‌ക് ധരിക്കലും അകലം പാലിക്കലും നിര്‍ബന്ധമാക്കുന്നത്. ഏതെങ്കിലും പ്രദേശത്ത് പ്രശ്‌നങ്ങള്‍ പരിധിവിട്ട് പോകുന്ന സ്ഥിതിയുണ്ടായാല്‍ കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റമാണ് ആയുഷ് മേഖലയില്‍ നടക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പിണറായി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നത്. ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. 30 പേര്‍ക്കുള്ള കിടത്തി ചികിത്സാ സൗകര്യം, പഞ്ചകര്‍മ്മ ചികിത്സ, ലാബ് സൗകര്യം, തെറാപ്പി സൗകര്യം, യോഗ ഹാള്‍, മരുന്ന് തയ്യാറാക്കുന്ന മുറി, ഫാര്‍മസി തുടങ്ങിയവ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിലുണ്ടാകും എരുവട്ടി പന്തക്കപ്പാറ ശ്രീനാരായണ വായനശാലയില്‍ ഓണ്‍ലൈനായി നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ, ഡി എം ഒ (ആയുര്‍വേദം) ഡോ. എസ് ആര്‍ ബിന്ദു, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date