Skip to main content

ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു എല്ലാവർക്കും ഓൺലൈൻ പഠനസൗകര്യം ലഭ്യമാകും: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇനിയും പഠനസൗകര്യം ലഭിക്കാത്തവരുണ്ടെങ്കിൽ സൗകര്യം ലഭ്യമാക്കുന്നതിനുളള നടപടികൾ ഊർജ്ജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കോവിഡ് 19 കാലത്ത് സ്‌കൂൾ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ, കോടാലി ഗവ. എൽ പി സ്‌കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യകിറ്റുകളുടെ വിതരണം അദ്ദേഹം നിർവഹിച്ചു.
പ്രീപ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി കുട്ടികൾക്ക് മൂന്ന് തരത്തിലാണ് കിറ്റുകൾ നൽകുന്നത്. പ്രീപ്രൈമറി കിറ്റിൽ 1.2 കിഗ്രാം അരിയും 283.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമാണുളളത്. പ്രൈമറി കിറ്റിൽ 4 കി.ഗ്രാം അരിയും 283.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമാണുളളത്. അപ്പർ പ്രൈമറി കിറ്റിൽ 6 കി.ഗ്രാം അരിയും 380.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമാണുളളത്. ചെറുപയർ, കടല, തൂവരപരിപ്പ്, മുളക്‌പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നിവയാണ് കിറ്റിൽ ഉളള പലവ്യഞ്ജനങ്ങൾ.
പ്രീപ്രൈമറി വിഭാഗത്തിൽ 2,21,133 കുട്ടികൾക്കും പ്രൈമറി വിഭാഗത്തിൽ 14,22,212 കുട്ടികൾക്കും അപ്പർ പ്രൈമറി വിഭാഗത്തിൽ 9,83,418 കുട്ടികളുമുൾപ്പെടെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപയാണ് പദ്ധതി ചെലവ്. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് കിറ്റുകൾ തയ്യാറാക്കി നൽകുന്നത്. സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി, മദർ പിടിഎ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും ശാരീരിക അകലവും പാലിച്ചാണ് വിതരണം. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ ഓൺലൈൻ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി. സിവിൽ സപ്ലൈസ് സിഎംഡി ഡോ. ബി അശോക് സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു നന്ദി പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി സുരേന്ദ്രൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ ഗീത, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date