Skip to main content

പ്ലസ് വൺ പ്രവേശനം 10ന് ശേഷം

ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 10നു ശേഷം ആരംഭിക്കും. മുൻവർഷങ്ങളിലെപ്പോലെ ഓൺലൈനായി ഏകജാലക സംവിധാനത്തിൽത്തന്നെയാകും പ്രവേശന നടപടികൾ. അപേക്ഷിക്കാൻ കൂടുതൽ ദിവസം അനുവദിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ ഫലം 15നകം വരുന്നതിനാൽ എല്ലാവർക്കും ആദ്യഘട്ടം തന്നെ അപേക്ഷ നൽകാനാകും.
202 ഹയർ സെക്കണ്ടറി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. ഇതിൽ 76 എണ്ണം ഗവൺമെന്റും 93 എണ്ണം എയ്ഡഡും 33 എണ്ണം അൺ എയ്ഡഡുമാണ്. എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾക്കായി ഹയർ സെക്കൻഡറി സ്‌കൂളുകളിലുള്ളത് 32,650 പ്ലസ് വൺ സീറ്റാണ് ആകെ ഉളളത്. ഇതിൽ സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് മേഖലയിലുമായി 28,050 സീറ്റുകളും അൺഎയ്ഡഡ് സ്‌കൂളുകളിൽ 4600 സീറ്റുകളുമുണ്ട്. സർക്കാർ സ്‌കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ്ക്വോട്ടാ സീറ്റുകൾ ഒഴികെയുള്ള സീറ്റുകളുമാണ് സർക്കാർ നേരിട്ടു നടത്തുന്ന ഏകജാലക പ്രവേശനത്തിനു കീഴിലുള്ളത്. മൊത്തം ഹയർസെക്കണ്ടറി സ്‌കൂളുകളിലായി 653 ബാച്ചുകളാണ് നിലവിലുള്ളത്. ഇതിൽ 354 എണ്ണം സയൻസും 107 എണ്ണം ഹ്യൂമാനിറ്റീസും 192 എണ്ണം കോമേഴ്സ് ഗ്രൂപ്പുകളുമാണ്. ഏറ്റവുമധികം ബാച്ചുകൾ ഉളള സ്‌കൂൾ പുതുക്കാട് സെന്റ് ആന്റണീസാണ്. 10 ബാച്ചുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിലവിലുള്ള ബാച്ചുകളിൽ ആനുപാതിക സീറ്റ് വർദ്ധന അനുവദിച്ചിരുന്നു. ഇത്തവണ അപേക്ഷകരുടെ എണ്ണം പരിഗണിച്ച് മാത്രമേ അലോട്ട്മെന്റ് ഘട്ടത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ.
അക്ഷയ കേന്ദ്രങ്ങൾ വഴിയോ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അല്ലെങ്കിൽ സ്വയമോ ഏകജാലക വിന്റോയായ hscap.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വെബ് സൈറ്റിൽ കയറി അഡ്മിഷൻ ലിങ്ക് ഓപ്പൺ ചെയ്ത് എസ് എസ് എൽ സി രജിസ്റ്റർ നമ്പർ നൽകിയാണ് നടപടികൾക്ക് തുടക്കമിടേണ്ടത്. എന്നാൽ സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാർത്ഥികൾ അവരുടെ പേര് വിവരങ്ങൾ സ്വയം ടൈപ്പ് ചെയ്ത് നൽകണം. പ്രവേശന സമയത്ത് ഉണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ വിവരങ്ങൾ തെറ്റ് കൂടാതെ നൽകാൻ ശ്രമിക്കണം. അഡ്മിഷന് അപേക്ഷിക്കുന്ന സ്‌കൂൾ കോഡും തെറ്റ് കൂടാതെ നൽകണം. പൂരിപ്പിച്ച അപേക്ഷയുടെ പകർപ്പിൽ രക്ഷിതാവും വിദ്യാർഥിയും ഒപ്പിട്ട ശേഷം എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ കോപ്പി സഹിതം സ്‌കൂളിൽ വെരിഫിക്കേഷന് നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ വി എം കരീം-9447437 201, അസിസ്റ്റൻറ് കോർഡിനേറ്റർ, ഷാജു. ഇ.ഡി.- 9446229366 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date