Skip to main content

അനർഹമായി കൈപ്പറ്റിയ മുൻഗണന കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റണം

ജില്ലയിൽ അനർഹമായി കൈപ്പറ്റിയ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവർ അടിയന്തരമായി സപ്ലൈ ഓഫീസിൽ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സർക്കാർ- അർദ്ധ സർക്കാർ- പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവീസ് പെൻഷൻ പറ്റുന്നവർ, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമി സ്വന്തമായി കൈവശമുള്ളവർ, ആയിരം ചതുരശ്ര അടി വിസ്തീർണത്തിൽ കൂടുതലുള്ള വീടുകൾ ഉള്ളവർ, ആദായനികുതി നൽകുന്നവർ, മാസവരുമാനം 25000 രൂപയിലധികമുള്ളവർ എന്നിവർ മുൻഗണനാ കാർഡിന് അർഹരല്ല. ഇത്തരക്കാർ മുൻഗണനാ കാർഡ് കൈവശം ഉണ്ടെങ്കിൽ മുൻഗണനേതര കാർഡാക്കി മാറ്റണം. അനർഹമായ കാർഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാൽ ഇതുവരെ കൈപ്പറ്റിയ റേഷന്റെ അധിക വിപണി വില, 50,000 രൂപ പിഴ കൂടാതെ ഒരു വർഷം വരെ തടവും ലഭിക്കും. അനർഹർ മുൻഗണന റേഷൻ കാർഡ് സ്വമേധയാ മുൻഗണനതേര കാർഡ് ആക്കിയാൽ നടപടി സ്വീകരിക്കുന്നതല്ല.
അനർഹരായവർ കാർഡുകൾ കൈവശം വയ്ക്കുന്നതിനെക്കുറിച്ച് അറിവുള്ള പൊതുജനങ്ങൾക്കും പൊതുപ്രവർത്തകർക്കും നേരിട്ടും തപാൽ മുഖേനയും താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകാം. പരാതി നൽകുമ്പോൾ പരാതിക്കാരന്റെ മേൽവിലാസം വെളിപ്പെടുത്തേണ്ടതില്ല.
റേഷൻ കാർഡിൽ അംഗങ്ങളുടെ പേര് ആധാർ കാർഡുമായി ഇനിയും ബന്ധിപ്പിക്കാത്തവർ ഉണ്ടെങ്കിൽ അക്ഷയ സെന്റർ, സപ്ലൈ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട് ജൂലൈ 31 നകം നടപടികൾ പൂർത്തിയാക്കണം. ഓഫീസിൽ ഹാജരാകാൻ സാധിക്കാത്ത അംഗപരിമിതർ, കിടപ്പുരോഗികൾ എന്നിവരുടെ ഒഴികെയുള്ള ആധാർ നമ്പർ ചേർക്കാത്തവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് മുന്നറിയിപ്പില്ലാതെ തന്നെ നീക്കം ചെയ്യും. റേഷൻ വിഹിതം വാങ്ങുമ്പോൾ കാർഡുടമകൾ ബില്ല് ചോദിച്ചു വാങ്ങുകയും വേണം.
ജില്ലയിലെ അനർഹരെ കുറിച്ച് പരാതി നൽകുന്നതിനുള്ള ഫോൺ നമ്പറുകൾ: തലപ്പിള്ളി-04884 232257, തൃശ്ശൂർ-0487 2331031, ചാവക്കാട്-0487 2502525, മുകുന്ദപുരം-0480 2825321, ചാലക്കുടി-0480 2704300 കൊടുങ്ങല്ലൂർ-0480 2802374.

date