Skip to main content

ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി: പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്ക് ഒരു ചവിട്ടുപടി

ഹയര്‍ സെക്കന്‍ഡറി പഠന രംഗത്ത്  അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വിഭാഗമാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി. കേരളത്തില്‍ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള 15 സ്‌കൂളുകളില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പഠനത്തിന് അവസരമുള്ളത്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം  ലക്ഷ്യമിടുന്നവര്‍ക്ക്  ചിട്ടയായ പരിശീലനം ചെറുപ്പത്തിലേ നല്‍കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന  സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ്  ഡെവലപ്പ്‌മെന്റ്) ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇലക്‌ട്രോണിക്‌സ് അടിസ്ഥാനമാക്കിയ ഫിസിക്കല്‍ സയന്‍സ്, ബയോളജി അടിസ്ഥാനമാക്കിയ ഇന്റഗ്രേറ്റഡ് സയന്‍സ് എന്നീ രണ്ടു ഗ്രൂപ്പുകള്‍ ആണ് ഈ വിഭാഗത്തില്‍ ഉള്ളത്.   ഇംഗ്ലീഷിന് പുറമെയുള്ള രണ്ടാം ഭാഷ ഒഴിവാക്കിയിരിക്കുന്നു എന്നതാണ് പൊതു ഹയര്‍ സെക്കന്‍ഡറിയുമായുള്ള പ്രധാന വ്യത്യാസം. പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമെല്ലാം പൊതു വിഭാഗത്തിലേതു പോലെ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി വകുപ്പ് തന്നെയാണ്. ഐഎച്ച്ആര്‍ഡിയുടെ എന്‍ജിനീയറിംഗ് കോളജുകള്‍ ഉള്‍പ്പെടുന്ന 61 കോളജുകളുടെ അക്കാദമിക പിന്തുണയും സഹകരണവും ഈ സ്‌കൂളുകള്‍ക്കുണ്ട്.
ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇലക്‌ട്രോണിക്  സിസ്റ്റംസ് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫിസിക്കല്‍ സയന്‍സ് ഗ്രൂപ്പ് പ്രധാനമായും എന്‍ജിനിയറിംഗ് അനുബന്ധ മേഖലകളില്‍ തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അടിത്തറ ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ്  ഐ.ടി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി  എന്നീ വിഷയങ്ങളുടെ കോമ്പിനേഷനായ ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പ് മെഡിക്കല്‍, പാരാ മെഡിക്കല്‍ മേഖലകള്‍ ലക്ഷ്യം വയ്ക്കുന്നവര്‍ക്ക്  കൂടി ഉള്ളതാണ്.
ഇംഗ്ലീഷിന് പുറമെയുള്ള എല്ലാ വിഷയങ്ങളിലും പ്രായോഗിക പരിശീലനം ഉള്‍പ്പെടുത്തിയിട്ടുള്ള സിലബസാണ് ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി മുന്നോട്ടു വയ്ക്കുന്നത്.
ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി പഠനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക്   എന്‍ജിനിയറിംഗ്, മെഡിക്കല്‍ രംഗങ്ങളില്‍ തുടര്‍ പഠനം കൂടുതല്‍ സുഗമമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് പൂര്‍വവിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചിട്ടയായ പ്രായോഗിക പരിശീലനം ചെറുപ്പത്തിലേ ലഭിച്ചിട്ടുള്ളത് ഇവരെ തൊഴില്‍ ദാതാക്കളായ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്കും പ്രിയങ്കരരാക്കുന്നു.  സാങ്കേതിക പഠനം താല്‍പര്യമില്ലാത്തവര്‍ക്ക് മറ്റു വിഷയങ്ങളിലും പഠനം തുടരാം.
മികച്ച സൗകര്യങ്ങളും അച്ചടക്കമുള്ള പഠനാന്തരീക്ഷവും ഉള്ള ഐഎച്ച്ആര്‍ഡി സ്‌കൂളുകള്‍ നല്ല പ്രതിച്ഛായയോടെ പ്രവര്‍ത്തിക്കുന്നവയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍ ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക സൗകര്യങ്ങള്‍ ക്രമമായി മെച്ചപ്പെടുത്തിയിട്ടുമുണ്ട്. പിന്നാക്ക വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടാത്ത ഈ സ്‌കൂളുകളിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. എസ്എസ്എല്‍സി/തത്തുല്യ യോഗ്യത നേടി കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ളവര്‍ പ്രവേശനത്തിന് അര്‍ഹരാണ്.

date