Skip to main content

കോവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ക്കൊപ്പം പോലീസ്

ഉറവിടം അറിയാത്ത കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കപ്പെട്ടതും, പത്തനംതിട്ട നഗരം അടച്ചതും, പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ നിലവില്‍ വന്നതുമെല്ലാം  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍. യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണ്‍ മേഖലയിലെയും ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ട റാന്നി ഒന്നും രണ്ടും വാര്‍ഡുകളിലെയും ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും നിയന്ത്രണങ്ങള്‍ അനുസരിക്കുകയും വേണം. ഏതുസഹായത്തിനും പോലീസുമായി ബന്ധപ്പെടാവുന്നതാണെന്നും ജില്ലാപോലീസ് മേധാവി  അറിയിച്ചു.
     കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. മുതിര്‍ന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങരുത്. സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക് യഥാവിധം ധരിക്കണം.
     രോഗവ്യാപനം തടയുന്നതിന് പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളും കുളനട പഞ്ചായത്തിലെ ഒന്നും റാന്നി പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെയ്ന്‍മെന്റ് മേഖലയായി  പ്രഖ്യാപിച്ചതിനാല്‍ നിതാന്ത ജാഗ്രത ഏവരും പുലര്‍ത്തണം.
ഈ സാഹചര്യത്തില്‍ പാലിക്കേണ്ട എല്ലാ നിബന്ധനകളും ആളുകള്‍ പാലിക്കണം. നിയന്ത്രങ്ങളില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും, ലംഘനങ്ങള്‍ തടഞ്ഞു നിയമനടപടികള്‍ എടുക്കുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. ക്വാറന്റീനില്‍ കഴിയുന്നവരെ നേരിട്ടും അല്ലാതെയും നിരീക്ഷിക്കും. ജനമൈത്രി പോലീസ് ബൈക്ക് പട്രോളിംഗ് നടത്തിയും മൊബൈല്‍ ഫോണിലൂടെയും ക്വാറന്റീനിലുള്ളവരെ നിരീക്ഷിച്ചുവരികയാണ്. ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുന്നുണ്ട്. ഒന്‍പത്, 10 തീയതികളിലായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്വാറന്റീനിലുള്ളവരെ  നിരീക്ഷിക്കാന്‍  ഡി വൈ എസ് പി മാരെ ചുമതലപ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ഫോണില്‍ ബന്ധപ്പെട്ടു വിശദാംശം ശേഖരിക്കും.
    നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കുന്നത് തുടരും. ഇന്നലെ 15 കേസുകളിലായി ഒന്‍പതു പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 47 ആളുകള്‍ക്ക് നോട്ടീസ് നല്‍കി.
 

date