Skip to main content

കോവിഡ്  സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കും; മന്ത്രി എ.കെ ബാലന്‍

കോവിഡ് സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ- നിയമ- സാംസ്ക്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മെറിറ്റിന്റെ ഭാഗമായി തരൂര്‍ മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിവിധ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള ടി.വി വിതരണോദ്ഘാടനം സൂം മീറ്റിംഗിലൂടെ നിര്‍ഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തരൂർ മണ്ഡലത്തില്‍ 123 ടെലിവിഷനുകളാണ് ഇന്ന്  വിതരണം ചെയ്തത്. വീടുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അടുത്തുള്ള അങ്കണവാടികളിലും ലൈബ്രറികളിലും   പഠനസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  മണ്ഡലത്തിലെ 56 അങ്കണവാടികള്‍ക്കും 58 ലൈബ്രറികള്‍ക്കുമാണ് എം.എല്‍.എ ഫണ്ട് ചിലവഴിച്ച് ടിവികള്‍ വിതരണം ചെയ്തത്. ഇതിനു മുമ്പ് 20 ടെലിവിഷനുകള്‍ വിതരണം ചെയ്തിരുന്നു. ഓരോ ക്ലാസ്സുകളിലെയും പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്ന സമയത്ത് പ്രസ്തുത സ്ഥലങ്ങളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കും. 

ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍  ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുമായി ബന്ധപ്പെട്ട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. തരൂര്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ 698 വിദ്യാത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാതിരുന്നത്. ടെലിവിഷന്‍ വിതരണം പൂര്‍ത്തിയാകുന്നതോടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉറപ്പു വരുത്താനാവും.  മണ്ഡലത്തിലെ മെറിറ്റ് പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കെട്ടിടങ്ങള്‍, പാചകപ്പുരകള്‍, ലാബ്, ലൈബ്രറികള്‍, സ്മാര്‍ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളുടെ വിതരണം എന്നിവയിലേക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും നാല് വർഷത്തിനകം  52 കോടി രൂപ  ചിലവഴിക്കാനായെന്നും മന്ത്രി പറഞ്ഞു.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗംഗാധരന്‍, ആരോഗ്യക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമാ വിജയന്‍ എന്നിവര്‍  പങ്കെടുത്തു.

 

date