Skip to main content

കോവിഡ് 19: നിയമസഭ നിയോജക മണ്ഡലതല അവലോകന യോഗങ്ങൾ ജില്ല കളക്‌ടർ വിലയിരുത്തി

 

ആലപ്പുഴ: കോവിഡ് 19 വ്യാപന നിയന്ത്രണ,പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് ,രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശാനുസരണം ചേർന്ന നിയമസഭ നിയോജക മണ്ഡലതല അവലോകന യോഗങ്ങൾ ജില്ല കളക്‌ടർ എ അലക്‌സാണ്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. കരുതൽ ആംബുലൻസ് ലഭ്യത തുടങ്ങി ബുധനാഴ്‌ച നടന്ന അവലോകന യോഗത്തിലെ ആവശ്യങ്ങൾ മണിക്കൂറുകൾക്കകം പരിഹരിച്ചു. ഓരോ നിയമസഭ നിയോജകമണ്ഡലത്തിലെയും സ്ഥിതിഗതികൾ സമയബന്ധിതമായി വിലയിരുത്തി രോഗ നിയന്ത്രണ-പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു.

പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ കൂടുതൽ കർശനമാക്കാൻ നിയമസഭ മണ്ഡലതല അവലോകനയോഗങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്‌ടർമാർക്ക് ജില്ല കളക്‌ടർ നിർദ്ദേശം നൽകി. ആവശ്യമായ ഫസ്റ്റ്‌ലൈൻ ചികിത്സ കേന്ദ്രങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളുടെ മേൽനോട്ടവും നടത്തിപ്പും കൂടുതൽ കാര്യക്ഷമമാക്കും. ടെലിമെഡിസിൻ സൗകര്യം ജില്ലയിൽ കൂടുതൽ വിപുലമായനിലയിൽ ഈയാഴ്‌ച പ്രാബല്യത്തിലാകും. അധ്യാപകരെയും തൊഴിലിടങ്ങളിൽ പോകേണ്ടതില്ലാത്ത ഉദ്യോഗസ്ഥരെയും സർക്കാർ നിർദ്ദേശാനുസൃതം കോവിഡ് പ്രതിരോധ,നിയന്ത്രണവുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിക്കുന്നതിൽ ഭാഗഭാക്കാക്കും.

ഗ്രാമപഞ്ചായത്തുകളിൽ വാർഡുതല ജാഗ്രത സമിതികൾ തുടരെ യോഗം ചേർന്ന് പ്രതിരോധ,നിയന്ത്രണ സംവിധാനങ്ങൾ വിലയിരുത്തണം. മറ്റിടങ്ങളിൽ നിന്ന് തിരിച്ചെത്തിയവരുടെ എണ്ണം, വരാനുള്ളവരുടെ സംഖ്യ, ക്വറന്റൈൻ സൗകര്യങ്ങൾ പര്യാപ്‌തമാണോ,അല്ലെങ്കിൽ ഏർപ്പെടുത്താവുന്ന ബദൽ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കൂടെക്കൂടെ ജാഗ്രത സമിതികൾ വ്യക്തത വരുത്തുകയും ഏകോപിപ്പിക്കുകയും വേണം.കോവിഡ് ജാഗ്രത മുൻനിർത്തി മൈക്ക് അനൗൺസ്മെന്റുകൾ വ്യാപകമാക്കണം. ക്വറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നില്ലെന്നു ഉറപ്പാക്കണമെന്നും കളക്‌ടർ നിർദ്ദേശിച്ചു.
മന്ത്രി ജി സുധാകരൻ നിർദേശിച്ച പ്രതിവാര കോവിഡ് അവലോകന യോഗങ്ങളിൽ ആദ്യത്തേതാണ് ബുധനാഴ്‌ച നടന്നത്. കളക്‌ടറുടെ ചേംബറിൽ നടന്ന വിലയിരുത്തൽ യോഗത്തിൽ ഡിഎംഒ, ഡെപ്യൂട്ടി കളക്‌ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

date