Skip to main content

ഹരിപ്പാട് പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് ഈ മാസം പ്രവര്‍ത്തനം തുടങ്ങും

 

ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനം ഈ മാസം അവസാനത്തോടെ ആരംഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കി വരികയാണ്. ഇതിന്റെ ചുവട് പിടിച്ചാണ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിന് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിക്കുന്നത്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ലക്ഷ്മി തോപ്പില്‍ 20 സെന്റ് സ്ഥലത്താണ് സംസ്‌കരണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റില്‍ പ്ലാസ്റ്റിക് ഷ്രഡ്ഡിങ് മെഷീനില്‍ ഒരു മണിക്കൂറില്‍ പരമാവധി വേഗത്തോടെ 50 മുതല്‍ 100 കിലോ ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഷണങ്ങളാക്കി വേര്‍തിരിക്കാന്‍ സാധിക്കും. ഇതോടൊപ്പമുള്ള ഹൈഡ്രോളിക് ബെയ്ലിങ് മെഷീനില്‍ ഒരു മണിക്കൂറില്‍ 6 മുതല്‍ 10 ടണ്‍ വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചതച്ച രൂപത്തില്‍ എടുക്കാനും സാധിക്കും. പദ്ധതിയുടെ പൂര്‍ണ്ണമായ പ്രവര്‍ത്തന മേല്‍നോട്ടം ക്ലീന്‍ കേരള വഴിയാകും നടപ്പാക്കുക. ബ്ലോക്കിന് കീഴിലുള്ള 7 പഞ്ചായത്തുകളുടെ സഹകരണത്തോടെ 10, 509985 രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ക്ലീന്‍ കേരളയുടെ മേല്‍നോട്ടത്തില്‍ സംസ്‌കരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മ്മാണത്തിനടക്കമുള്ള കാര്യങ്ങള്‍ക്കാവും ഉപയോഗിക്കുകയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരില്‍ പറഞ്ഞു.

date