Skip to main content

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്‌കരിക്കുന്നു

മാലിന്യ സംസ്‌ക്കരണത്തിനും കുടിവെള്ള വിതരണത്തിനും മുന്‍ഗണന

 

മാലിന്യ സംസ്‌ക്കരണം, ശുചിത്വം, കുടിവെള്ള വിതരണം, ജലസംരക്ഷണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി പരിഷ്‌കരിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉള്‍പ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിഹിതം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. 

 

നിലവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മാത്രം അനുവദിച്ചിരുന്ന ധനകാര്യകമ്മീഷന്‍ വിഹിതം 2020-21 മുതല്‍  ബ്ലോക്ക്പഞ്ചായത്തുകള്‍ക്കും ജില്ലാപഞ്ചായത്തിനും ലഭിച്ചുതുടങ്ങി.  ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി ലഭിക്കുന്ന തുകയുടെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ശമ്പളം, എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ എന്നിവയ്‌ക്കൊഴികെ യഥേഷ്ടം വിനിയോഗിക്കാം. 

 

ബാക്കി നിശ്ചിത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടായാണ് നല്‍കുന്നത്.  ഈ തുക ഉപയോഗിച്ച്   ശുചിത്വം, ഖര-ദ്രവ മാലിന്യ സംസ്‌കരണം, വെളിയിട വിസര്‍ജ്ജന വിമുക്ത(ഒ.ഡി.എഫ്) മേഖലകള്‍  നിലനിര്‍ത്തല്‍, കുടിവെള്ള പദ്ധതികള്‍, മഴവെള്ള സംഭരണം, ജലസംരക്ഷണവും  ജലസ്രോതസ്സുകളുടെ പരിപോഷണവും, ജലാശയങ്ങളുടെ പുനരുജ്ജീവനം, ജലത്തിന്റെ പുനരുപയോഗവും പുനചംക്രമണവും തുടങ്ങിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കണം. 

 

ജില്ലയിലെ  മുനിസിപ്പാലിറ്റികള്‍ക്ക്  സ്റ്റാര്‍ റേറ്റിംഗ്   നേടുന്നതിന്  ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്    ഉപയോഗിച്ച് പ്രോജക്ടുകള്‍ ഏറ്റെടുക്കേണ്ടിവരും. പദ്ധതി നിര്‍വഹണവും ചിലവും വിശദമായി വിലയിരുത്തിയാണ് വരും വര്‍ഷങ്ങളില്‍ ധനകാര്യ കമ്മീഷന്‍ വിഹിതം അനുവദിക്കുക. അതുകൊണ്ടുതന്നെ  ഈ വിഹിതം യഥാസമയം കാര്യക്ഷമമായി ചെലവഴിക്കാന്‍ കഴിയും വിധമുള്ള പദ്ധതികളാണ് ഏറ്റെടുക്കേണ്ടതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 

 

ഇതിനുപുറമെ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ സ്പില്‍ ഓവറായി ഉള്‍പ്പെടുത്തുന്നതിനും ജൂലൈ 10 വരെ സമയം ലഭിക്കും. കോവിഡ്  പശ്ചാത്തലത്തില്‍ ഏറ്റെടുത്ത അടിയന്തിര പ്രാധാന്യമുള്ള പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കണം.   2018 ലെ പ്രളയം സാരമായി ബാധിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും 2019-20 ല്‍ ലഭിച്ച പ്രത്യേക വിഹിതം വകയിരുത്തി ഏറ്റെടുത്ത പ്രോജക്ടുകളുടെ സ്പില്‍ ഓവര്‍ ബാധ്യത 2020-21 ല്‍ അധികമായി അനുവദിക്കും. ഇപ്രകാരം ലഭിക്കാവുന്ന തുക കൂടി സ്പില്‍ ഓവറായി ഉള്‍പ്പെടുത്തണം.

date