Skip to main content

റര്‍ബന്‍ മിഷന്‍: പിണറായി- വേങ്ങാട് ക്ലസ്റ്റര്‍ പ്രവൃത്തി  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നടപ്പാക്കുന്നത് 104.39 കോടി രൂപയുടെ 117 പദ്ധതികള്‍
ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തിയ പിണറായി- വേങ്ങാട് ക്ലസ്റ്ററിന്റെ പ്രഖ്യാപനവും പ്രവൃത്തി ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഗ്രാമീണ തനിമ നിലനിര്‍ത്തുന്നതോടൊപ്പം സാമൂഹികമായും സാമ്പത്തികമായും നഗര പ്രദേശങ്ങളിലെ സൗകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കി, ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഗ്രാമത്തിലായാലും നഗരത്തിലായാലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരാശ്വാസവും എത്തിക്കാനാകണം.  പദ്ധതിയിലൂടെ തൊഴിലും വരുമാനവും ഉറപ്പുവരുത്താന്‍ സഹായിക്കുന്ന വിധം കൈത്തറി മേഖല ഉള്‍പ്പെടെയുള്ളവയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയെയും ക്ഷീര മേഖലയെയും പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കും. ജനങ്ങളുടെ വരുമാനം വര്‍ധിക്കത്തക്ക വിധത്തില്‍ പദ്ധതികള്‍ നടപ്പാക്കാനും ഇതിലൂടെ നാടിന്റെ വരുമാനം വര്‍ധിപ്പിക്കാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി-വേങ്ങാട് ക്ലസ്റ്ററിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും കുടുംബശ്രീയുടെ സഹായത്തോടെ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിലൂടെ സാധിക്കും. കൂടുതല്‍ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാകും. കൃഷിയിടങ്ങളിലേക്ക് ഉപ്പ് വെള്ളം കയറി കൃഷി നാശം സംഭവിക്കുന്നത് തടയല്‍, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പഞ്ചായത്തുകളില്‍ ഡിജിറ്റല്‍ മാനേജേമെന്റ് സംവിധാനം നടപ്പാക്കാന്‍ തുടങ്ങിയവ പദ്ധതിയിലൂടെ സാധിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് വളരെ പ്രധാനമാണെന്നും പദ്ധതിയിലൂടെ ഇത് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  റര്‍ബന്‍ മിഷന്റെ മൂന്നാം ഘട്ടത്തിലാണ് പിണറായി- വേങ്ങാട് ക്ലസ്റ്ററുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 104.39 കോടി രൂപയുടെ 117 പദ്ധതികളുള്ള ഡി പി ആറിന് ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 5.55 കോടി രൂപ ചെലവില്‍ രണ്ട് പഞ്ചായത്തുകളിലെയും മുഴുവന്‍ വാര്‍ഡുകളിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും 10.29 കോടി രൂപ ചെലവില്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയും ആരംഭിക്കാനാവശ്യമായ എല്ലാ നടപടികളും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.  കൂടാതെ പിണറായി- വേങ്ങാട് ക്ലസ്റ്ററില്‍ വിനോദ സഞ്ചാര മേഖലയില്‍ 7.53 കോടി രൂപയുടെയും ആരോഗ്യ മേഖലയില്‍ 1.49 കോടി രൂപയുടെയും കായിക മേഖലയില്‍ സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പെടെ 80 ലക്ഷം രൂപയുടെയും വിദ്യാഭ്യാസ മേഖലയില്‍ 10.39 കോടി രൂപയുടെയും പ്രവൃത്തികള്‍ ഡി പി ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസം, മാലിന്യ നിര്‍മാര്‍ജ്ജനം, ജല വിതരണം, ഗതാഗതം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലെയും ഉന്നമനം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഇതില്‍ കേന്ദ്ര സര്‍ക്കാറിന്റെ 18 കോടി രൂപയും സംസ്ഥാന സര്‍ക്കാറിന്റെ 12 കോടി രൂപയും ഉള്‍പ്പെടെ 30 കോടി രൂപ സി ജി എഫ് ഇനത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ലഭ്യമാക്കുന്നതാണ്. പിണറായി ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ അധ്യക്ഷനായി. പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, പ്രൊജക്ട് ഡയറക്ടര്‍ വി കെ ദീലീപ്, ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date