Skip to main content

മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു

പിഎച്ച്‌സി മേത്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും ആനാപ്പുഴ നഗര കുടുംബാരോഗ്യകേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതി തുടങ്ങുന്നതിന്റെയും ഉദ്ഘാടനം ആരോഗ്യകുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവ്വഹിച്ചു.
കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എംഎൽഎ വി ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ആർദ്രം മിഷന്റെ ഭാഗമായി മികച്ച ആരോഗ്യസേവന സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നത്. എൻഎച്ച്എം, കൊടുങ്ങല്ലൂർ നഗരസഭ എന്നിവയുടെ ഫണ്ടുപയോഗിച്ചാണ് മേത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയത്.
ആശുപത്രിയിൽ വരുന്ന രോഗികളുടെ വിവരങ്ങൾ ഏത് ആശുപത്രിയിൽ നിന്നും ലഭ്യമാകുന്നതിനാണ് സംസ്ഥാന സർക്കാർ ഇ-ഹെൽത്ത് പരിപാടി തുടങ്ങിയത്. സംസ്ഥാനത്ത് നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഇ-ഹെൽത്ത് പരിപാടി നടപ്പാക്കുന്ന ആദ്യത്തെ നഗര കുടുംബാരോഗ്യകേന്ദ്രം ആണ് ജില്ലയിലെ ആനാപ്പുഴ നഗര കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാന സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചാണ് ഇ ഹെൽത്ത് പദ്ധതിയും, ആശുപത്രി പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ളത്. കെഎ എസ്എച്ച്, എൻക്യുഎഎസ്, കായകൽപ എന്നീ അവാർഡുകൾക്ക് ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രം അർഹമായിട്ടുണ്ട്. കൊടുങ്ങല്ലൂർ നഗരസഭ അധ്യക്ഷൻ കെ ആർ ജൈത്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, സംസ്ഥാന അർബൻ മാനേജർ ഡോ. ആതിര, സംസ്ഥാന സീനിയർ അർബൻ കൺസൾട്ടന്റ് ഡോ. ജോർജ് ഫിലിപ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സതീശൻ ടി വി തുടങ്ങിയവർ പങ്കെടുത്തു.

date