Skip to main content

ഗവ.മോഡല്‍ സ്‌കൂള്‍ മാനാഞ്ചിറക്ക് തിലകക്കുറിയാവും

 

 

 

ഹരിത കേരളം മിഷന്റെ 'ഹരിത വിദ്യാലയം' പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന മാനാഞ്ചിറ ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനാഞ്ചിറക്ക് തിലകക്കുറിയായി മാറുമെന്ന് എം.കെ.മുനീര്‍ എംഎല്‍എ പറഞ്ഞു.  ഇതിനനുസരൃതമായി കെട്ടിട രൂപകല്‍പ്പന ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 'ഹരിത വിദ്യാലയം' പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിലയിലും ശുചിമുറികള്‍ നല്‍കി ഭിന്നശേഷി സൗഹൃപരമായി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കണം.  കലയ്ക്കും സംസ്‌കാരത്തിനും പ്രാധാന്യമുള്ള സ്ഥാപനമായി വിദ്യാലയം മാറണം.  ലഭ്യമായ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാവുന്ന തരത്തില്‍ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

 

ശുചിത്വ മാലിന്യ സംസ്്കരണം, കൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി സ്വയം പര്യാപ്തമായ മാതൃകാ വിദ്യാലയമാക്കി മാറ്റുകയാണ് ഹരിത വിദ്യാലയം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  സീറോ വേസ്റ്റ്് ക്യാമ്പസ് ആക്കുന്ന തരത്തിലുള്ള മാലിന്യ സംസ്‌കരണം, പൊതുപരിപാടികളും കലോത്സവങ്ങളുമടക്കമുള്ള വിവിധ പരിപാടികള്‍ നടക്കുമ്പോള്‍ ഹരിതചട്ടം പാലിക്കല്‍, ജൈവ- അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ തരംതിരിക്കുന്നതിനുള്ള മാതൃകാ പരിശീലന കേന്ദ്രം, ശുചിമുറികളടക്കം ഉള്‍പ്പെടുത്തി ആഴ്ചയിലോരിക്കല്‍ ഡ്രൈ ഡേ ആചരണം, സ്‌കൂള്‍ പരിസരത്ത് പരമാവധി പച്ചക്കറി കൃഷി, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലുള്‍പ്പെടുന്നത്.  

 

കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.ബാബുരാജ,് ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.കെ.ശ്രീലത, ഹരിതകേരളം ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ പി.പ്രകാശ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date