Skip to main content

കുന്ദമംഗലം മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും

 

 

 

കുന്ദമംഗലം മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍  ത്വരിതപ്പെടുത്തുമെന്ന് പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.  മണ്ഡലത്തിലെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ആറ് സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നാല് സ്‌കൂളുകളുടെ ഡി.പി.ആര്‍ തയ്യാറാക്കിയെങ്കിലും മാവൂര്‍ ജി.എം.യു.പി സ്‌കൂള്‍, മണക്കാട് ജി.യു.പി സ്‌കൂള്‍ എന്നിവയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്ന പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.  പ്രവൃത്തി വൈകുന്നത് മാവൂരിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രതിസന്ധിക്കിടയാക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ ചെലുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

 

കുന്ദമംഗലം ഗവ. കോളജിലെ കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഈ ആഴ്ച ആരംഭിക്കും. കിഫ്ബി മുഖേന ഫണ്ട് അനുവദിച്ച ആര്‍.ഇ.സി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ഊരാളുങ്കല്‍ സൊസൈറ്റി അറിയിച്ചു. കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കറി സ്‌കൂളിന്റെ പ്രവൃത്തി വേഗത്തില്‍ നടന്നുവരുന്നതായി നിര്‍വ്വഹണ ഏജന്‍സിയായ വാപ്‌കോസ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചതായും 2021 മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തീകരിക്കുമെന്നും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ പറഞ്ഞു. മാവൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റേയും ഒളവണ്ണ ഗവ. എല്‍.പി സകൂള്‍ കെട്ടിടത്തിന്റേയും പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തതായും പടനിലം ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തിക്കുള്ള ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ആഗസ്ത് 10 ന് നിര്‍വ്വഹിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനാല്‍ അന്തിമ ഘട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എ.എല്‍.എ നിര്‍ദ്ദേശിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ റോഡ്, ഗേറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അവ നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ലേഖ, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജ്യനല്‍ മാനേജര്‍ വി.വി അജിത് കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഒ.സുനിത, എന്‍.സിന്ധു, സി.കെ.സതീഷ്‌കുമാര്‍, പി.പി.ലേഖ പത്മന്‍, യു.എല്‍.സി.സി.എസ്, വാപ്‌കോസ്, കൈറ്റ്, എല്‍.എസ്.ജി.ഡി, പി.ഡബ്ല്യു.ഡി  ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

 

date