Skip to main content

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്  നിര്‍ദ്ദേശം

 

 

 

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ റൂമൂകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.24 മണിക്കൂറും സേവനം ലഭ്യമാക്കണം. മതിയായ ഉദ്യോഗസ്ഥരും ആവശ്യത്തിന് ഉപകരണങ്ങളും കണ്‍ട്രോള്‍ റൂമില്‍ ഉറപ്പുവരുത്തണം. 

 

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടല്‍ കൃത്യമായി പിന്തുടരുകയും വിവരങ്ങള്‍ നല്‍കുകയും വേണം. നിരീക്ഷണത്തിലിരിക്കുന്നവരുടെ സൗകര്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. ക്വാറന്റൈനിലുള്ള ഒരാളുടെ വിവരം പോലും വിട്ടുപോകരുത്.  ആളുകളെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുന്നത് സുരക്ഷിതമാര്‍ഗത്തിലൂടെയായിരിക്കണം. ആര്‍ക്കെങ്കിലും രോഗ ലക്ഷണമുണ്ടായാല്‍ ആര്‍.ആര്‍.ടികള്‍ ഉടനെ മെഡിക്കല്‍ ഓഫീസര്‍മാരെ വിവരമറിയിക്കണം. ആശുപത്രിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം.

 

കോവിഡ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ആരോഗ്യവിവരങ്ങള്‍ ജാഗ്രത വെബ് പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യണം. വാര്‍ഡ് ആര്‍.ആര്‍.ടി കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കണം. വീടുകള്‍ സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തില്‍ ആര്‍.ആര്‍.ടികള്‍ സമീപത്തെ കടകളും പൊതുസ്ഥലങ്ങളും പരിശോധിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്‍.എസ്.ജി.ഐ സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും  കലക്ടര്‍ നിര്‍ദ്ദേശിച്ചു.

 

മെഡിക്കല്‍ ഓഫീസര്‍മാരോ എച്ച്.ഐമാരോ ദിവസവും കോവിഡ് കെയര്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് മതിയായ കോവിഡ് പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വിവരങ്ങള്‍ ജാഗ്രത വെബ് പോര്‍ട്ടലില്‍ ചേര്‍ക്കുകയും വേണം.  പോസിറ്റീവ് കേസുകള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ വീഴ്ച പാടില്ല.  പ്രാഥമിക, ദ്വിതീയ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ആര്‍.ആര്‍.ടി കളും ബന്ധപ്പെട്ട കമ്മിറ്റികളും ആഴ്ചയില്‍ ഒരു തവണയെങ്കിലും യോഗംചേര്‍ന്ന് കൈക്കൊണ്ട നടപടികള്‍ അവലോകനം ചെയ്യണം. വില്ലേജ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്നും കലക്ടര്‍ അറിയിച്ചു.

 

date