Skip to main content

ജലജീവന്‍ മിഷന്‍' പദ്ധതി: കോട്ടക്കല്‍ മണ്ഡലത്തില്‍ യോഗം ചേര്‍ന്നു

'ജലജീവന്‍ മിഷന്‍' പദ്ധതിയുടെ ഭാഗമായി രണ്ട് മാസം കൊണ്ട് കോട്ടക്കല്‍ മണ്ഡലത്തിലെ  പഞ്ചായത്തുകളില്‍  ആദ്യഘട്ടമായി 500 ഗാര്‍ഹിക കണക്ഷനുകള്‍ വീതം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുകളില്‍ അടിയന്തരമായി ബോര്‍ഡ് യോഗം വിളിച്ച് ചേര്‍ത്ത് സമഗ്ര പദ്ധതി തയ്യാറാക്കി നല്‍കും. മുഴുവന്‍ ഗ്രാമീണ വീടുകളിലേക്കും ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുറ്റിപ്പുറം പഞ്ചായത്തില്‍ വാട്ടര്‍ അതോറിറ്റിയുടേയും ജലനിധിയുടേയും സംയുക്ത യോഗം വിളിച്ച് ചേര്‍ക്കാനും തീരുമാനമായി. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ 75 ശതമാനവും തദ്ദേശ സ്ഥാപനങ്ങള്‍ 15 ശതമാനവും പത്ത് ശതമാനം ഗുണഭോക്താവും എന്നിങ്ങനെയാണ് പദ്ധതി വിഹിതം.  
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭാ അധ്യക്ഷ സി.കെ. റുഫീന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.മധുസൂദനന്‍, കെ. മൊയ്തീന്‍, വി.കെ. റജുല നൗഷാദ് , ഫസീന അഹമ്മദ് കുട്ടി , കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, കേരള വാട്ടര്‍ അതോറിറ്റി എടപ്പാള്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയപ്രകാശ്, തിരൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സലിം കുമാര്‍, മലപ്പുറം പ്രൊജക്ട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അജ്മല്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ആനന്ദകുമാര്‍, ഫൈസല്‍ എന്നിവരും വിവിധ പഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
 

date