അബ്കാരി ക്ഷേമനിധി പെന്‍ഷന്‍ 3,000 രൂപയാക്കാന്‍ ശുപാര്‍ശ
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ മിനിമം പെന്‍ഷന്‍ 3,000 രൂപയാക്കുന്നതിന് ഗവണ്‍മെന്റിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് ബോര്‍ഡ് യോഗം തീരുമാനിച്ചു.
കുറഞ്ഞ പെന്‍ഷന്‍ 3,000 രൂപയും പരാമാവധി 10,000 രൂപയും ആക്കുന്നതിന് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. മണിശങ്കറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ബോര്‍ഡ് അംഗീകരിച്ച ബഡ്ജറ്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനു പുറമേ, തൊഴിലാളികളുടെ മക്കളുടെ വിവാഹം, ചികിത്സാ ചിലവ്, മരണാനന്തരസഹായം എന്നീ ഇനങ്ങളിലും തൊഴിലാളികള്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ബഡ്ജറ്റില്‍ നിര്‍ദ്ദേശങ്ങളുണ്ട്.
അബ്കാരി ക്ഷേമനിധിയില്‍ നിലവില്‍ 3115 അംഗങ്ങളാണുള്ളത്. പാതയോര മദ്യനിരോധനത്തില്‍ ഭേദഗതി വരുകയും പ്രതിവര്‍ഷം പത്തു ശതമാനം മദ്യശാലകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ അംശദായ ഇനത്തില്‍ അഞ്ചുകോടി രൂപയുടെ പ്രതിവര്‍ഷ വര്‍ദ്ധന പ്രതീക്ഷിക്കുന്നു. 30762.24 ലക്ഷം രൂപ വരവും 30762.24 രൂപ ചെലവും വരുന്ന ബഡ്ജറ്റാണ് അംഗീകരിച്ചിട്ടുള്ളത്. ബഡ്ജറ്റ് അംഗീകാരത്തിനുവേണ്ടി ചേര്‍ന്ന ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ തൊഴിലാളി പ്രതിനിധികളായ സി.കെ. രാജന്‍, വി.പി. സക്കറിയ, ജി. കൃഷ്ണന്‍കുട്ടി, ആര്‍. സുശീലന്‍, എന്നിവരും തൊഴിലുടമ പ്രതിനിധികളായ കെ.കെ. രാധാകൃഷ്ണന്‍, ദീപക് ചന്ദ്രന്‍, ഉദ്യോഗസ്ഥ പ്രതിനിധികളായ രാജശേഖര കുറുപ്പ്, സോണിയ വാഷിങ്ടണ്‍, എസ്. തുളസീധരന്‍ എന്നിവരും ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ആര്‍. ബൈജുവും പങ്കെടുത്തു.
പി.എന്‍.എക്‌സ്.838/18
- Log in to post comments